
പ്രവര്‍ത്തകര്‍ തല്ലുകൊണ്ട് ജയിലില്‍, നേതാവ് ലോകകപ്പിന്റെ ചില്ല് വൈബില്‍..! ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ ഷാഫി പറമ്പിലിനെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി പ്രവാഹം; യൂത്ത് കോണ്‍ഗ്രസിലെ ഫുട്‌ബോള്‍ വിവാദം കളിക്കളത്തിന് പുറത്തേക്ക്
സ്വന്തം ലേഖകന്‍
കോട്ടയം: ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അടിയന്തരമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ചത് ഇരുപതോളം പരാതികള്‍. രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്നായാണ് പരാതികള്‍ അയച്ചത്. സര്‍ക്കാരിനെതിരെ സമരം ചെയ്ത് പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ പ്രസിഡന്റ് ഖത്തറില്‍ ഉല്ലാസയാത്ര നടത്തുകയാണെന്നാണ് പരാതികളുടെയെല്ലാം ഉളളടക്കം.
അര്‍ജന്റീനയുടെ കളി കാണാന്‍ ഖത്തറിലെ ലോകകപ്പ് വേദിയില്‍ ഷാഫി നില്‍ക്കുമ്പോള്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തിന്റെ പേരില്‍ സമരം ചെയ്ത് പൊലീസിന്റെ തല്ലു വാങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലുമായി. പ്രവര്‍ത്തകര്‍ സമരം ചെയ്യുമ്പോഴും നേതാവ് ഉല്ലാസയാത്ര നടത്തുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദം കോണ്‍ഗ്രസിലേക്ക് കത്തിപ്പടരാന്‍ കാരണമായതും ഷാഫി പറമ്പിലിന്റെ മൗനമാണെന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും ശക്തമാണ്. നാളുകളായി തുടരുന്ന ഈ സംഘടനാ അതൃപ്തികള്‍ക്കൊടുവിലാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതികളെത്തിയത്.