
സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രിയും വെള്ളാപ്പള്ളിയും ; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ഇന്ദു മൽഹോത്ര: വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എന്നാൽ പൗരനെന്ന നിലയിൽ വിധിയെ മാനിക്കുന്നുവെന്നും തന്ത്രി വ്യക്തമാക്കി. വിധി നിരാശാജനകമെന്ന് എ സ് എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുവതികൾ ആരും ശബരിമലയ്ക്കു പോകില്ലെന്നു തീരുമാനിച്ചാൽ വിധി പ്രസക്തമല്ലാതെ ആകും. ജനാഭിപ്രായം വിധിയോട് യോജിപ്പില്ല. ശബരിമലയിൽ ഇപ്പോൾ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം ആളുകൾ എത്തുന്നുണ്ട്. യുവതികൾ കൂടി എത്തിയാൽ നിലവിൽ നേരിടുന്ന പ്രശ്‌നം ഗുരുതരമാകുമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എന്നാൽ വിധി പ്രസ്താവിച്ച ഭരണഘടനാ ബഞ്ചിലെ വനിതാ ജസ്റ്റിസ് ഇന്ദു മൽഹോത്ര സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന വിധി രാജ്യത്തെ മറ്റ് മതങ്ങളിലും നടപ്പാക്കണമെന്നുള്ള ആവശ്യം ഉയരാൻ ഇടയാക്കുമെന്ന് തന്റെ വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ഇത് രാജ്യത്ത് മതേതര സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് തടസം നേരിടും. ആയതിനാൽ ശബരിമല ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നും ഹർജി തള്ളണമെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ മതാചാരങ്ങൾ പുലർത്തുന്ന വിഭാഗങ്ങളുണ്ട്. ആർക്കും അവർ വിശ്വസിക്കുന്ന മതങ്ങളിൽ ഉറച്ചുനിൽക്കാനും ആചാരങ്ങൾ പിന്തുടരാനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. മതാചാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ല. പക്ഷപാതപരമായ കാര്യങ്ങളാണെങ്കിലും കോടതി ഇടപെടരുത്. യുക്തി മാനദണ്ഡമാക്കി മതകാര്യങ്ങൾ പരിശോധനക്ക് വിധേയമാക്കരുത്. മൗലികാവകാശത്തിൽ സമത്വാവകാശവും മതാചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശവും തമ്മിൽ പൊരുത്തകേടുണ്ടെന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി. എന്നാൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതികരിച്ചു. സർക്കാരുമായി കൂടിയാലോചിച്ച് സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.