വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞു: സ്റ്റാർ ജംഗ്ഷനിലെ വൈദ്യുതി വിതരണം മുടങ്ങി; സ്റ്റാർ ജംഗ്ഷനിലെ ഇടവഴിയിൽ ഗതാഗതം നിരോധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞതോടെ നഗരത്തിലെ വൈദ്യുതി വിതരണം ഭാഗീകമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എം.സി റോഡിലൂടെ കടന്നു പോയ കണ്ടെയ്നർ ലോറി ഉടക്കിയാണ് ആദം ടവറിലേയ്ക്കുള്ള ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന പോസ്റ്റ് ചരിഞ്ഞത്.
സ്റ്റാർ ജംഗ്ഷനിൽ ആദം ടവറിനു സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് പോസ്റ്റാണ് റോഡിലേയ്ക്ക് ചരിഞ്ഞത്. ഇതോടെ കെ.കെ റോഡിനെയും എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റാർ ജംഗ്ഷനിലെ ഇടവഴിയിലൂടെയുള്ള ഗതാഗതം താല്കാലികമായി നിരോധിച്ചു.
വ്യാഴാഴ്ച അർധരാത്രിയിലാണ് നഗരത്തിലെ ഇടവഴിയിൽ അപകടകരമായ രീതിയിൽ പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞത്. പോസ്റ്റ് ചരിഞ്ഞതോടെ പ്രദേശത്തെ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ലൈനുകൾ ഓഫ് ചെയ്തതോടെ നഗരത്തിൽ വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, പിന്നീട് ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയതോടെ നഗരത്തിലെ വൈദ്യുതി വിതരണം പൂർവ സ്ഥിതിയിലായി. ഇതേ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇവിടെ പോസ്റ്റ് നേരെയാക്കുന്ന ജോലികളും, അറ്റകുറ്റപണികളും ആരംഭിച്ചത്. റോഡിലേയ്ക്കു പോസ്റ്റ് ചരിഞ്ഞുണ്ടായ സാഹചര്യം മനസിലാക്കി, പൊലീസ് എം.സി റോഡിലും കെ.കെ റോഡിലും ബോർഡുകൾ സ്ഥാപിച്ച് സ്റ്റാർ ജംഗ്ഷനിലെ ഇടവഴി വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. പോസ്റ്റും ട്രാൻസ്ഫോമറും ചരിഞ്ഞതോടെ ആദം ടവറിലേയ്ക്കുള്ള വൈദ്യുതി നിയന്ത്രണം പൂർണമായും തടസപ്പെട്ടിട്ടുണ്ട്.