ശബരിമല സ്ത്രീ പ്രവേശനം: ഹൈന്ദവ സംഘടനകളുടെ എം.സി റോഡ് ഉപരോധം തുടങ്ങി: ശരണം വിളികളുമായി ഭക്തർ; ഗതാഗതകുരുക്ക് രൂക്ഷമായി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ നടത്തുന്ന റോഡ് ഉപരോധം തുടങ്ങി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ശബരിമല കർമ്മ സഭയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ റോഡ് ഉപരോധിക്കുന്നത്. തിരുനക്കര ഗാന്ധി സ്‌ക്വയർ, പാലാ കൊട്ടാരമറ്റം ജംഗ്ഷൻ, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക് ജംഗ്ഷൻ, കാഞ്ഞിരപ്പള്ളിയിലെ പൊൻകുന്നം ടൗൺ എന്നിവടങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ റോഡിൽ ഇരുന്ന് ശരണം വിളിക്കുകയും ഭജന നടത്തുകയുമാണ് ചെയ്യുന്നത്.
ഇതോടെ പലയിടത്തും ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കോട്ടയം നഗരത്തിൽ ഗാന്ധി സ്‌ക്വയറിൽ കെ.കെ റോഡിലാണ് പ്രവർത്തകർ കുത്തിയിരിക്കുന്നത്. നൂറിലേറെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നതാണ് കെ.കെ റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമായത്. ഇതേതുടർന്ന് തിരുനക്കര മൈതാനത്തിനു സമീപത്തെ എസ്.ബി.ഐക്ക് മുന്നിലൂടെ വൺവെ തെറ്റിച്ച് പോലീസ് വാഹനങ്ങൾ കടത്തിവിട്ടു. ഈ വാഹനങ്ങൾ തിരുനക്കര മൈതാനം ചുറ്റി എം.സി റോഡിലൂടെ ശീമാട്ടി റൗണ്ടാനയിലെത്തി യാത്ര തുടരുകയാണ് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച ഉച്ചവരെ നഗരത്തിൽ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകുമെന്നും ഗതാതം തടസ്സപ്പെടുമെന്നും തേർഡ് ഐ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്ന് വാഹനങ്ങൾ മറ്റ് വഴി തിരിഞ്ഞു പോയതിനാൽ നഗരത്തിലേക്കെത്തിയ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു.
പ്രതിഷേധത്തിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡി.വൈ.എസ്. പി ആർ. ശ്രീകുമാർ, സി.ഐ നിർമ്മൽ ബോസ്, എസ്.ഐമാരായ എം.ജെ. അരുൺ, റ്റി. എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഗവും സ്ഥലത്തുണ്ടായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി, ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി അടക്കമുള്ള വിവിധ ഹൈന്ദവ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. 12 മണിയോടുകൂടി പ്രവർത്തകർ സമരം അവസാനിപ്പിച്ച് പിരിഞ്ഞു. ഇതോടെയാണ് എം.സി റോഡിലും കെ.കെ റോഡിലും ഗതാഗതകുരുക്ക് നീങ്ങിയത്.