മീ ടുവിൽ കുടുങ്ങിയ മുകേഷിനെതിരെ പ്രതിഷേധം ശക്തം: തെരുവിലിറക്കില്ലെന്ന ഭീഷണിയുമായി പ്രതിപക്ഷ സംഘടനകൾ; കൊല്ലത്ത് എംഎൽഎയുടെ കോലം കത്തിച്ചു
സ്വന്തം ലേഖകൻ
കൊല്ലം: ‘മീ ടൂ’ വിൽ കുടുങ്ങിയ മുകേഷിനെതിരെ പ്രതിഷേധം ശക്തമായി. തെരുവിലിറക്കില്ലെന്ന ഭീഷണിയുമായി എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് ടെസ് ജോസഫ് പ്രതികരിച്ചു. ബ്രൂവറി വിവാദത്തിൽ സിപിഎമ്മിനെ കുരുക്കിലാക്കിയ പ്രതിപക്ഷത്തിന് മുകേഷിനെതിരായ ‘മീ ടൂ’ വിവാദം വീണുകിട്ടിയ ബോണസായി. കൊല്ലത്തെ മുകേഷിന്റെ ഓഫീസിലേക്ക് പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അരമണിക്കൂറോളം ദേശീയപാതയിൽ കുത്തിയിരുന്നു. എംഎൽഎയുടെ കോലവും കത്തിച്ചു. മഹിളാ മോർച്ച പ്രവർത്തകർ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡുകൾ കീറിക്കളഞ്ഞു. എന്നാൽ താൻ ഉന്നയിച്ച പ്രശ്‌നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനോട് ടെസ് ജോസഫ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിഷേധസാധ്യത കണക്കിലെടുത്ത് മുകേഷിന്റെ വീടിനും ഓഫീസിനും പൊലീസ് കാവൽ ഏർപ്പെടുത്തി.
മുകേഷിനെതിരെയുള്ള ആരോപണത്തിൽ നടപടികൾ നിയമപരമായി പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. എന്നുവച്ച് അതു ശരിയാകണമെന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അന്വേഷിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് പി.കെ. ശ്രീമതിയും പറഞ്ഞു. മുകേഷിനെതിരായ ആരോപണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു കൊല്ലം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. വിശദമായി പഠിച്ചശേഷം പരിശോധിക്കാമെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം നടൻ മുകേഷിനെ ലൈംഗികാരോപണത്തിൽ കുരുക്കിയ ടെസിനെ അറിയില്ലെന്ന് മുകേഷ് പറഞ്ഞു. ചെന്നൈയിൽ കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് മോശമായി പെരുമാറിയെന്ന് ബോളിവുഡ് സിനിമാപ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തി. 19 വർഷം മുൻപുനടന്ന സംഭവമാണ് ടെസ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ടെസിനെ അറിയില്ലെന്നാണ് മുകേഷിന്റെ പ്രതികരണം. ബോളിവുഡിനേയും മാധ്യമരംഗത്തേയും പിടിച്ചുലച്ച ‘മീ ടൂ’ ക്യാംപയിനിൽ കുടുങ്ങുന്ന ആദ്യമലയാള സിനിമാപ്രവർത്തകനാണ് മുകേഷ്. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് മുകേഷ് അതിരുവിട്ട് പ്രവർത്തിച്ചു എന്ന് മലയാളിയായ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് വെളിപ്പെടുത്തി. മുറിയിലേക്ക് ഇടതടവില്ലാതെ ഫോൺ ചെയ്യുകയും പിന്നീട് ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നും ടെസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടീശ്വരൻ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാർലമെന്റംഗവുമായ ഡെറക് ഒബ്രയാൻ ഇടപെട്ടാണ് തന്നെ ചെന്നൈയിൽ നിന്ന് തിരിച്ചയക്കുകയായിരുന്നുവെന്നും ടെസ് പറഞ്ഞു. വിശ്വാസത്തോടെ പറയാൻ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചതെന്ന് ടെസ് ജോസഫ് പറഞ്ഞു. ‘മീ ടൂ’ ക്യാംപയിനാണ് ഇപ്പോൾ കരുത്തായത്.