സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയിൽ പെരുമഴ: പമ്പയുടെ പുനർനിർമാണം തടസപ്പെട്ടു; അയ്യപ്പന്റെ ശക്തിയെന്ന് വിശ്വാസികൾ!
സ്വന്തം ലേഖകൻ
പമ്പ: യുവതികൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമലയിൽ പെരുമഴ. കന്നത്ത മഴയിൽ പമ്പയിൽ നടന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ എത്തിയ കനത്ത മഴ, ഭക്തരിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. അയ്യപ്പന്റെ ശക്തിയാണെന്നും പമ്പ കരകവിയുമെന്നും ഭക്തർ പ്രതികരിക്കുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പമ്പ മണപുറത്ത് നടപ്പന്തലിലും ഹോട്ടൽ കോംപ്ലക്‌സിലുമടക്കം വെള്ളം കേറി. മഴ തുടർന്നാൽ ത്രിവേണിയടക്കം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് ദേവസ്വം അധികൃതർ. ഇതോടെ 45ാം നാൾ എത്തുന്ന മണ്ഡലകാലം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ താറുമാറായി. വെള്ളിയാഴ്ച വൈകിട്ട് ഇടിമിന്നലിന്റെ അകമ്പടിയോടെ തുടങ്ങിയ കനത്ത മഴയ്ക്ക് വെള്ളിയാഴ്ച രാവിലെ അൽപം ശമനമുണ്ടായെങ്കിലും ഉച്ചയോടെ ശക്തി പ്രാപിച്ചു. വാട്ടർ അതോറിറ്റിയുടേയും പൊതു മരാമത്ത് വകുപ്പിന്റേയുമെല്ലാം പണികൾ നിശ്ചലമായി.
ശബരിമലയിലെ സ്ത്രീ പ്രവേശന കേസ് വിധി പറയുന്നതിനായി സുപ്രീം കോടതി മാറ്റി വച്ചതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 15 മുതൽ കേരളത്തിൽ വൻ പ്രളയമുണ്ടായതും, പമ്പയടയക്കം പൂർണമായും മുങ്ങിയതും. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചത് കൊണ്ടാണ് ഇത്തരത്തിൽ പമ്പ കോപിച്ചതെന്നായിരുന്ന അയ്യപ്പഭക്തരുടെ വാദം. പമ്പ കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെ ശബരിമലയിൽ ദേവസ്വം ബോർഡ് സ്ഥാപിച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം തകരുകയും ചെയ്തു. ഇതെല്ലാം പുനർനിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടെയാണ് ഇപ്പോൾ വീണ്ടും മഴയെത്തിയതും പമ്പയും, പരിസരവും വെള്ളത്തിൽ മുങ്ങിയതും.
സന്നിധാനത്തേയ്ക്ക് സ്ത്രീകൾ പ്രവേശിക്കുന്നത് അയ്യപ്പന് താല്പര്യമില്ലെന്നും അതുകൊണ്ടു തന്നെ പമ്പയിൽ ഇനിയും വെള്ളപ്പൊക്കമുണ്ടാകുമെന്നുമാണ് ഭക്തരുടെ വാദം. നവംബറിൽ ശബരിമല സീസൺ ആരംഭിക്കാനിരിക്കെ പമ്പയിൽ ഇനി എന്തുണ്ടാകുമെന്ന് കാണാൻ കാത്തിരിക്കുകയാണ് കേരളം. അയ്യപ്പന്റെ ഹിതം എന്തെന്ന് അന്നറിയാമെന്നും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ഭക്തരും എതിർക്കുന്നവരും ഒരു പോലെ പറയുന്നു.