ശബരിമല സ്ത്രീപ്രവേശനം : പ്രതിഷേധകടൽ ഇരമ്പുന്നു ; സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി ആഞ്ഞടിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ശബരിധർമ്മ സഭയുടെ നേതൃത്വത്തിൽ ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 7 ഞായറാഴ്ച പ്രാർത്ഥനായോഗവും നാമജപ യാത്രയും കോട്ടയം നഗരത്തിൽ നടത്താൻ തീരുമാനമായി. കോട്ടയത്തെ എല്ലാ ഹിന്ദു വിഭാഗത്തിൽപ്പെട്ട ഭക്ത ജനങ്ങളും തിരുനക്കര മൈതാനത്ത് സംഘടിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനവും നാമജപ യാത്രയും നടത്താനാണ് ഒക്ടോബർ 2 ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. കോട്ടയം ജില്ലയിലെ എല്ലാ അയ്യപ്പ ഭക്തജനങ്ങളും നാമജപ യാത്രയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി കേരള സർക്കാർ ധൃതഗതിയിൽ പ്രാബല്യത്തിൽ വരുത്തുവാനുള്ള നീക്കം ഉപേക്ഷിച്ച് പുന:പരിശോധനാ ഹർജിയും ഒപ്പം തന്നെ നിയമസഭയിൽ പുതിയ ഓർഡിനൻസും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം. തലമുറകളായി കൈമാറി വരുന്ന കേരളത്തിലെ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുവാൻ സർക്കാരിനോ കോടതികൾക്കോ അവകാശമില്ലെന്ന് അഡ്വ. അനിൽ ഐക്കര തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. തിരുനക്കര സ്വാമിയാർ മഠത്തിൽ നടന്ന യോഗത്തിൽ അഡ്വ. എസ്. ജയസൂര്യൻ അമ്മമാരുടെ സജീവ സാന്നിദ്ധ്യത്തെ പ്രകീർത്തിച്ചു. സമരമുഖം നാമജപങ്ങൾകൊണ്ട് മാത്രം കാര്യമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി.