റോഡിലിട്ട് തല്ലിയിട്ടും കലിപ്പ് തീരാതെ സിപിഎം: എസ്എഫ്ഐക്കാർ തല്ലിയ പൊലീസുകാരന് സസ്പെൻഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റോഡിൽ നാട്ടുകാരുടെ മുന്നിലിട്ട് എസ് എഫ് ഐ ക്കാർ തല്ലിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എസ്എഫ്ഐക്കാരുടെ തല്ല് ഏറ്റിട്ടും കലിപ്പ് തീരാതെ വീണ്ടും പൊലീസുകാരനെ പിൻ തുടർന്ന് വേട്ടയാടുകയാണ് സർക്കാരും സിപിഎമ്മും.
മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് എസ്എപി ക്യാമ്പിലെ പോലീസുകാരന്‍ ശരത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പാളയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടു റോഡിലിട്ട് മര്‍ദ്ദിച്ച രണ്ട് പൊലീസുകാരില്‍ ഒരാളാണ് ശരത്ത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പോസ്റ്റിട്ടെന്നാണ് സസ്‌പെന്‍ഷന് കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സ്വദേശമായ കടയ്ക്കലുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശം തന്റെ പേരിലാക്കി വ്യാജ പരാതിയുണ്ടാക്കിയെന്നാണ് ശരത്തിന്റെ പ്രതികരണം. അതേ സമയം ഒരു വര്‍ഷമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷനെന്നും സൂചനയുണ്ട്. ശരത്തിന്റെ രാഷ്ട്രീമാണ് എസ്എഫ്‌ഐക്കാരെ കള്ളക്കേസില്‍ കുരുക്കാനിടയാക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വവും ആരോപിച്ചിരുന്നു,
പാളയത്ത് സിഗ്‌നല്‍ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞ വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു അന്നത്തെ മര്‍ദ്ദനം.
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ശരത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നസീമിനെതിരെ കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടുവെന്ന പരാതിയിലാണ് സസ്‌പെന്‍ഷനെന്നാണ് എസ്എപി കമാണ്ടിന്റെ ഓഫീസ് അറിയിച്ചത്. എന്നാല്‍ ആരുടെ പരാതിയെന്നും എന്താണ് പരാമര്‍ശമെന്നും എസ്എപി വൃത്തങ്ങള്‍ വ്യക്തമാക്കിയില്ല.