വെള്ളത്തിനടിയിൽ വച്ചുണ്ടായ ലൈംഗീക പീഡനം ; നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെള്ളത്തിനടിയിൽ വെച്ചുണ്ടായ ലൈംഗീക പീഡനത്തിന് നടപടിയെടുക്കാനാവില്ലെന്ന് പൊലീസ്. സർഫിംഗ് പരിശീലകനിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായതിനെത്തുടർന്ന് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ വിനോദ സഞ്ചാരിയോടാണ് കേസെടുക്കാനാവില്ലെന്ന് വർക്കല പൊലീസാണ് അറിയിച്ചത്. വിനോദ സഞ്ചാരിയുടെ പരാതിയിൽ കേസെടുത്തില്ലെന്നും മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിർത്തി അപമാനിച്ചെന്നുമാണ് ആക്ഷേപമുണ്ടായിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദർശനമുണ്ടെന്ന കാര്യം പറഞ്ഞാണ് കേസെടുക്കാതിരുന്നത്. മണിക്കൂറുകൾ പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നിട്ടും ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് പരാതി ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മുംബൈ സ്വദേശിയായ യുവതി പറഞ്ഞു.
സർഫിങ്ങ് പരീശിലകന് ഭാര്യയും കുട്ടികളും ഉള്ളതിനാൽ കേസ് ഒത്തുതീർപ്പ് ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു. വൈസ് പ്രസിഡന്റിന്റെ സന്ദർശനമുള്ളതിനാൽ തിരക്കുണ്ടെന്ന് പൊലീസ് ആവർത്തിച്ചതിനെത്തുടർന്ന് യുവതി മടങ്ങിപ്പോകുകയായിരുന്നു. അതിനടുത്ത ദിവസം വീണ്ടും പരാതിയുമായി ചെന്ന യുവതിയോട് ‘വെള്ളത്തിനിടയിൽ വച്ച് സംഭവിച്ച കാര്യമായതിനാൽ ഞങ്ങൾക്ക് നടപടി എടുക്കാൻ കഴിയില്ലെന്നും തീരദേശ പൊലീസിനോട് പരാതിപ്പെടണം’ എന്നുമുള്ള മറുപടിയാണ് പോലീസ് നൽകിയത്. രണ്ട് മണിക്കൂറിലധികം കാത്തുനിന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി കൈമാറാനുള്ള സഹായം പോലും ഉണ്ടായില്ലെന്നും കേരളത്തിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടായത് ദുഖകരമാണെന്നും യുവതി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group