പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച് പതിനാലുകാരി ; മുറിവേറ്റതോടെ ഓടിപ്പോയ യുവാവ് വിഷം കഴിച്ച് അവശ നിലയില്‍ ആശുപത്രിയില്‍ ; പൊലീസ് കാവലിൽ വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ യുവാവ്
സ്വന്തം ലേഖകൻ
മൂന്നാര്‍: പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്‍പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ് തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊക്കനാട് ഫാക്ടറി ഡിവിഷനില്‍ ജെ.വിഘ്‌നേഷ് (വിക്കി32) ആണ് അവശനിലയില്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതായിരുന്നു പതിനാലുകാരി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ വഴി അകത്തു കടന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഓടി വന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ കയ്യില്‍ വെട്ടുകയായിരുന്നു. മുറിവേറ്റതോടെ ഇയാള്‍ ഓടിപ്പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതി പിടിയിലായത്. അവശനിലയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിഷം കഴിച്ചതായി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് ഇപ്പോള്‍. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുമെന്നു ദേവികുളം പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളിയായ ഇയാള്‍ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്.