
ക്രിക്കറ്റ് പരിശീലന മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പരിശീലകനെതിരെ കൂടുതൽ പരാതികൾ; ഇതുവരെ പരാതി നൽകിയത് ആറ് പെണ്‍കുട്ടികൾ, തെങ്കാശിയില്‍കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതി, പോക്‌സോ നിയമപ്രകാരമുള്ള കേസുകളിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം.
ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.
പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുമ്പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.
മൂന്നാഴ്ച മുമ്പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതിവന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. ഇതുവരെ ആറ് പെണ്‍കുട്ടികളുടെ പരാതികളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെങ്കാശിയില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തിയും പോലീസ് അന്വേഷണം നടത്തിയിരുന്നു.