video
play-sharp-fill
ഏഴു പേരിലൂടെ ജീവിതവും സ്വപ്‌നങ്ങളും പറിച്ച് നട്ട് നിബിയ യാത്രയായി; ഓർമ്മകളിൽ ഇനി നിബിയയുടെ ജീവിതം ബാക്കി

ഏഴു പേരിലൂടെ ജീവിതവും സ്വപ്‌നങ്ങളും പറിച്ച് നട്ട് നിബിയ യാത്രയായി; ഓർമ്മകളിൽ ഇനി നിബിയയുടെ ജീവിതം ബാക്കി

സ്വന്തം ലേഖകൻ

കൊച്ചി: അപകടത്തിൽ വേദയനയുമായി മല്ലിട്ട് മരണത്തിനു മുന്നിൽ കീഴടങ്ങിയ നിബിയ ഇനി ഏഴു പേരിലൂടെ ജീവിക്കും. വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങുമ്പോഴും 7 പേർക്ക് നിബിയ പുതുജീവൻ നൽകി. പെരുമ്പൂവൂർ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി വണ്ടന്മേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് (25) ഇന്നലെ മരണത്തിനു കീഴടങ്ങിയത്. നിബിയ മേരി ജോസഫിന് വ്യാഴാഴ്ച രാത്രിയാണ് മസ്തിഷ്‌കമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നിബിയയുടെ അവയവങ്ങൾ ദാനംചെയ്യാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ഇടുക്കി കട്ടപ്പന വണ്ടന്മേട് കരിമ്പനക്കൽ പരേതനായ ജോസഫ് ചാക്കോയുടെയും നിർമലയുടെയും മകളാണ് നിബിയ. തിങ്കളാഴ്ച നടന്ന വാഹനാപകടത്തിൽ ജോസഫും മരിച്ചു. അപകടത്തിൽപ്പെട്ട് സഹോദരൻ നിഥിൻ ജോസഫ് ചികിത്സയിലാണ്.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു നിബിയ. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹസാമഗ്രികൾ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഞായറാഴ്ച കോതമംഗലത്തെ ആന്റിയുടെ വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയാണ് എറണാകുളത്തേക്ക് യാത്രതിരിച്ചത്. നിബിയയുടെ ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30-ന് പഴയകൊച്ചറ സെയ്ന്റ് ജോസഫ് പള്ളിയിൽ നടക്കും. നിർമലയാണു നിബിയയുടെ മാതാവ്. നിലീന സഹോദരി. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോ. മാത്യു ജേക്കബ്, ഡോ. ഷിജോയ്, ഡോ. റോമൽ എന്നിവരും കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ േഡാ. ജയകുമാറും നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിബിയയുടെ ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി, നാലുകോടി സ്വദേശി സഞ്ജീവ് ഗോപി (30) യുടെ ശരീരത്തിൽ തുടിക്കും. ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിലുള്ള മറ്റൊരു രോഗിക്ക് ദാനം ചെയ്തു. ഒരു വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും കരൾ ആസ്റ്റർ മെഡ് സിറ്റിയിലെ രോഗിക്കുമാണ് ദാനം ചെയ്തത്. നിബിയയുടെ ഹൃദയം ലഭിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഹൃയമാറ്റ ശസ്ത്രക്രിയ നടന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. വെള്ളിയാഴ്ച നാലുമണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നുമണിക്കൂർ നീണ്ടു. അഞ്ചാം തവണയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.

നിബിയ മേരി ജോസഫിന്റെ ഹൃദയം കോട്ടയത്ത് എത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഹൃദയ ഭിത്തിയിലെ മസിലുകൾക്ക് തകരാർ സംഭവിക്കുന്ന ഡയലേറ്റഡ് കാർഡിയാക് മയോപ്പതി രോഗം ബാധിച്ച് സഞ്ജീവ് ഗോപി അഞ്ചു വർഷമായി ചികിത്സയിലാണ്. എറണാകുളത്തെ ലെയ്ത്ത് വർക്ക് ഷോപ്പിൽ വെൽഡർ ആയി ജോലി ചെയ്യുമ്‌ബോഴാണ് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്രയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസ നടത്തിയിരുന്നു. രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപ് പക്ഷാഘാതം ഉണ്ടായതോടെ നില അതീവ ഗുരുതരമായി.

സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ഞീവനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്താണ് ശസ്ത്രക്രിയ നടത്തിയത്. നിബിയയുടെ രക്തഗ്രൂപ്പ് എ ബി പോസിറ്റീവ് ആയതിനാൽ നിബിയയുടെ ഹൃദയം ഏറ്റവും അനുയോജ്യമായതും സഞ്ജീവിനായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് നിബിയയുടെ ഹൃദയവുമായി ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് 3 മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി. ഈ സമയം സഞ്ജീവിന്റെ ഹൃദയം മാറ്റിവയ്ക്കാനുള്ള ശസ്ത്രക്രിയ ഇവിടെ ആരംഭിച്ചിരുന്നു. മൂന്നരയോടെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി കൂടിയായ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് ആറിനാണ് പൂർത്തിയായത്. മേസ്തിരി ജോലി ചെയ്യുന്ന ചങ്ങനാശേരി നാലുകോടി ചെറുവേലിൽ ഗോപിയുടെയും തങ്കമ്മയുടെയും ഇരട്ട മക്കളാണ്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതുവരെ 5 ഹൃദയമാറ്റ ശസ്ത്രക്രിയകളാണ് വിജയകരമായി പൂർത്തിയാക്കിയത്. 2015 ഒക്ടോബറിലായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ആദ്യ ശസ്ത്രക്രിയ പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ വാലുപറമ്ബിൽ പൊടിമോന്റേതായിരുന്നു. 2016 ജൂണിൽ വയനാട് പുൽപ്പള്ളി കെ.കെ. ബാലന്റെയും (51) 2017 ജൂലൈയിൽ എടവനക്കാട്ട് ബഷീറിന്റെയും (54) 2018 ഒക്ടോബറിൽ എറണാകുളം ഉദയംപേരൂർ പി.സുബ്രഹ്മണ്യ ഭട്ടിന്റെയും (51)ഹൃദയം മാറ്റിവച്ചു. ഇന്നലെ സഞ്ജീവിന്റെയും. എല്ലാ ശസ്ത്രക്രിയകളും നടത്തിയത് ഡോ. ടി.കെ. ജയകുമാറാണ്.

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള നെറ്റ്വർക് ഓഫ് ഓർഗൻ ഷെയറിങ്ങിന്റെ അവയവ ദാന പദ്ധതിയാണു മൃതസഞ്ജീവനി. ഇതിലൂടെ പേരു രജിസ്റ്റർ ചെയ്താണ് അവയവ മാറ്റ ശസ്ത്രക്രിയകൾ നടക്കുന്നത്. ആശുപത്രികളാണു പദ്ധതിയിൽ രോഗിയുടെ പേര് രജിസ്റ്റർ ചെയ്യുക. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചാൽ ആർക്കാണ് അവയവം നൽകേണ്ടത് എന്നു തീരുമാനിക്കുന്നത് രജിസ്റ്റർ ചെയ്ത രോഗികളുടെ അവസ്ഥ പരിഗണിച്ചു കെഎൻഒഎസിന്റെ സംസ്ഥാന തല സമിതിയാണ്. തുടർന്നു രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയുമായി ബന്ധപ്പെട്ട് അവയവ ദാന നടപടികളുമായി മുന്നോട്ടു പോകും. ഇതാണ് ഇന്നലേയും നടന്നത്.

രാവിലെ 7ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണു നിബിയയുടെ ബന്ധുക്കൾ അവയവദാനത്തിനു തയാറായത്. ഈ മാസം 10ന് ആയിരുന്നു അപകടം.ഉച്ചയ്ക്ക് 1.45 നു മരണം സ്ഥിരീകരിച്ചു. ജോസഫ് ചാക്കോയെ അടക്കിയ പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളിയിലെ കല്ലറയിലാണ് നിബിയയുടേയും സംസ്‌കാരം. ചേറ്റുകുഴിയിലെ എവർഗ്രീൻ എന്റർപ്രൈസസ് എന്ന സ്ഥാപന ഉടമയായിരുന്നു ജോസഫ്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2 വർഷം നഴ്‌സായി ജോലി ചെയ്ത നിബിയ ഒന്നരവർഷമായി വിദേശത്തേക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വിവാഹം ഉറപ്പിച്ചത്.

കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നു വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിങ്ങിനായി കൊച്ചിയിലേക്കു വരുമ്‌ബോഴായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അമിത വേഗത്തിൽ പാഞ്ഞ കാർ നിയന്ത്രണം വിട്ടു നിബിയയും പിതാവും സഹോദരനും യാത്ര ചെയ്ത കാറിലും തുടർന്നു സ്‌കൂൾ ബസിലും ഇടിക്കുകയായിരുന്നു. ആലുവ-പെരുമ്ബാവൂർ ദേശസാൽകൃത റൂട്ടിൽ മാറമ്പിള്ളിയിൽ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള വളവിലായിരുന്നു അപകടം. ബൈക്കിൽ പോകുകയായിരുന്ന നസീർ കാക്കനാട്ടിലിനെ മഞ്ഞപ്പെട്ടിയിൽ വച്ച് ഇടിച്ച ശേഷം നിർത്താതെ പോയ കാറാണ് അപകടമുണ്ടാക്കിയത്.