video
play-sharp-fill
പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ തുടക്കം; ക്രിസ് ഗെയിലിന് പരിക്കെന്ന് സൂചന

പാക്കിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്ത് വെസ്റ്റ് ഇൻഡീസിന് തകർപ്പൻ തുടക്കം; ക്രിസ് ഗെയിലിന് പരിക്കെന്ന് സൂചന

സ്‌പോട്‌സ് ഡെസ്‌ക്
നോട്ടിംങ്ഹാം: ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ 27 ഓവറും ഏഴു വിക്കറ്റും ബാക്കി നിൽക്കെ വിൻഡിസ് പാക്കിസ്ഥാനെ കെട്ടി കെട്ടിച്ചു. വിൻഡീസിന്റെ ബൗളിംഗ് മികവും ക്രിസ്‌ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ടും കണ്ട മത്സരത്തിൽ അനായാസമായിരുന്നു വിജയം.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ 21 ഓവറിൽ 105 റണ്ണിന് വിൻഡീസ് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസിന് ക്രിസ്‌ഗെയിൽ എന്ന അതികായൻ മാത്രം മതിയായിരുന്നു മറുപടി നൽകാൻ. 34 പന്തിൽ ആറ് ഫോറും മൂന്നു സിക്‌സറും പറത്തിയ ഗെയിൽ അതിവേഗം വിജയം പോക്കറ്റിലാക്കി. ഗെയിലിന് കൂട്ടായി ഓപ്പണിംഗിൽ ഇറങ്ങിയ ഹോപ്പ് കാര്യമായ പ്രതീക്ഷ നൽകാതെ 17 പന്തിൽ 11 റണ്ണുമായി മടങ്ങി. റണ്ണൊന്നുമെടുക്കാതെ ഡ്വെയിൻ ബ്രാവോയും മടങ്ങിയതോടെ 46 റണ്ണിന് രണ്ട് എന്ന നിലയിലേയ്ക്ക് വിൻഡീസ് എത്തി. എന്നാൽ, പടുകൂറ്റൻ അടികളിലൂടെ കളം പിടിച്ച ഗെയിൽ 77 ൽ മടങ്ങുമ്പോൾ വിൻഡീസ് വിജയം ഉറപ്പിച്ചിരുന്നു.
19 പന്തിൽ 34 റണ്ണെടുത്ത് നിക്കോളാസ് പൂരനും, എട്ടു പന്തിൽ ഏഴു റണ്ണെടുത്ത് എസ്.ഡി ഹേറ്റ്‌മെയറും വിജയം വിൻഡീസിന്റെ കളത്തിലെത്തിച്ചു.