play-sharp-fill
സേവാഭാരതിയുടെ ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത്; രാവിലെ 11ന്  കെ.പി.എസ്. മേനോന്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും, എട്ട് ജില്ലകളിലായി 4 ഏക്കര്‍ ഭൂമി 83 നിര്‍ധന കുടുംബങ്ങള്‍ക്ക് നൽകും

സേവാഭാരതിയുടെ ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത്; രാവിലെ 11ന് കെ.പി.എസ്. മേനോന്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും, എട്ട് ജില്ലകളിലായി 4 ഏക്കര്‍ ഭൂമി 83 നിര്‍ധന കുടുംബങ്ങള്‍ക്ക് നൽകും

കോട്ടയം: സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനായി സേവാഭാരതി നടത്തുന്ന ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കോട്ടയത്ത് നിര്‍വഹിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ദേശീയ സേവാഭാരതി എട്ട് ജില്ലകളിലായി 4 ഏക്കര്‍ ഭൂമി 83 നിര്‍ധന കുടുംബങ്ങള്‍ക്ക് നൽകും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഉദാരമതികളുടെ സഹകരണത്തോടെ ഭൂമിയും ഭവനവും യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിയാണ് ഭൂദാനം.

വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഭൂദാന പരിപാടികള്‍ വിപുലമാക്കുകയാണ് സേവാഭാരതി. രാവിലെ 11ന് ശാസ്ത്രി റോഡിലുള്ള കെ.പി.എസ്. മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സേവാഭാരതി സംസ്ഥാന രക്ഷാധികാരിയും, സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് കെ.ടി. തോമസ്, ആര്‍എസ്‌എസിന്റെ മുതിര്‍ന്ന പ്രചാരകന്മാരായ എസ്. സേതുമാധവന്‍, രാമനുണ്ണി, കോട്ടയം വിഭാഗ് സംഘചാലക് പി.പി. പദ്മനാഭന്‍, ദേശീയ സേവാഭാരതി സംസ്ഥാന രക്ഷാധികാരി ഡോ. പി. ബാലചന്ദ്രന്‍ മന്നത്ത്, സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി, ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍, വൈസ് പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്ബൂതിരി, സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ സേവാഭാരതിയുടെ തലചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ 826 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്‌നം ഇതിനകം പൂര്‍ത്തീകരിക്കാനായി.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതിയുടെ മേല്‍നോട്ടത്തില്‍ തലചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ 1000 വീടുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 14 ജില്ലകളിലായി 100 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.