play-sharp-fill
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു: തർക്കം തീർത്തത് പുലർച്ചെ വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ; പ്രതിഷേധവുമായി എൽഡിഎഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു: തർക്കം തീർത്തത് പുലർച്ചെ വരെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ; പ്രതിഷേധവുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടു ദിവസം നീണ്ടു നിന്ന തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ ജില്ലാ പഞ്ചായത്തിലെ നാലാമത്തെ പ്രസിഡന്റായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് അംഗമാണ് സെബാസ്റ്റിയൻ കുളത്തുങ്കൽ. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നാണ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കോൺഗ്രസിലെ സണ്ണി പാമ്പാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി വച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണ കേരള കോൺഗ്രസ് എമ്മിനാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടപടികൾ സങ്കീർണ്ണമാക്കിയത്. കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗം സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ പേരും, പി.ജെ ജോസഫ് വിഭാഗം അജിത് മുതിരമലയുടെ പേരുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിർദേശിച്ചത്. ഇത് അനുസരിച്ച് ബുധനാഴ്ച തിരഞ്ഞെടുപ്പ് നിശ്ചയിക്കുകയും ചെയ്തു.
എന്നാൽ, ഇരുകൂട്ടരും വിപ്പ് നൽകുകയും വോട്ടെടുപ്പിനു ഉറച്ച് നിൽക്കുകയും ചെയ്തതോടെ കോൺഗ്രസ് ബുധനാഴ്ചത്തെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇതോടെ കോറം തികയാതെ വന്നതോടെ ബുധനാഴ്ച തിരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ടിയും വന്നു. ഇതിനു ശേഷമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടത്താൻ ധാരണയായത്. കോറം തികഞ്ഞാലും ഇല്ലെങ്കിലും ഇന്ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് മാരത്തൺ ചർച്ചകൾ നടത്തി കേരള കോൺഗ്രസും യുഡിഎഫും ധാരണയിൽ എത്തിച്ചേർന്നത്.
ബുധനാഴ്ച രാത്രി മുതൽ ആരംഭിച്ച ചർച്ച വ്യാഴാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജോസ് കെ.മാണിയുമായും, പി.ജെ ജോസഫുമായും ചർച്ച നടത്തി. തുടർന്നാണ് ധാരണയിൽ എത്തിച്ചേർന്നത്. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾക്ക് പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കാനായിരുന്നു യുഡിഎഫിന്റെ നിർദേശം. ജോസ് കെ.മാണി വിഭാഗത്തിൽ നിന്നുള്ള സെബാസ്റ്റ്യൻ കുളത്തുങ്കലിന് എട്ടുമാസവും, പി.ജെ ജോസഫ് വിഭാഗത്തിൽ നിന്നുള്ള അജിത് മുതിരമലയ്ക്ക് ബാക്കിയുള്ള സമയവും അനുവദിക്കാമെന്ന ധാരണയാണ് യുഡിഎഫ് നേതൃത്വം മുന്നോട്ടു വച്ചത്. കേരള കോൺഗ്രസിലെ രണ്ടു വിഭാഗങ്ങളും ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് നടന്നത്.
കേരള കോൺഗ്രസിൽ നിന്നു മത്സരിച്ച സൈബാസ്റ്റിയൻ കുളത്തുങ്കലിന് 14 വോട്ടുകൾ ലഭിച്ചു. കേരള കോൺഗ്രസിന്റെ ആറും, കോൺഗ്രസിന്റെ എട്ടും വോട്ടുകളാണ് സെബാസ്റ്റിയന് ലഭിച്ചത്. സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച കെ.രാജേഷിന് ഏഴ്്് വോട്ടും ലഭിച്ചു. ജനപക്ഷത്തിന്റെ ഏക അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
ജില്ലാ പഞ്ചായത്തിൽ ഇത് നാലാമത് തവണയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യം ജോഷി ഫിലിപ്പായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുപ്പക്കപ്പെട്ടതോടെ ജോഷി ഫിലിപ്പ് രാജി വച്ചു. പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി ഇടതു പിൻതുണയോടെ പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട്, കേരള കോൺഗ്രസ് യുഡിഎഫിലേയ്ക്ക് തിരികെ എത്തിയതോടെ സണ്ണി പാമ്പാടിയ്ക്കായി പ്രസിഡന്റ് സ്ഥാനം. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. 22 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും, കേരള കോൺഗ്രിന് ആറും, സിപിഎമ്മിന് ആറും, സി.പി.ഐയ്ക്കും ജനപക്ഷത്തിനും ഓരോ അംഗങ്ങളും വീതമാണ് ഉള്ളത്.
ഇതിനിടെ നാലു തവണ ഒരു കക്ഷിക്കു വേണ്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയതിനും, നിരവധി തവണ സ്റ്റാൻഡിങ് കമ്മിറ്റികൾ വീതം വയ്‌ക്കേണ്ടി വന്നതിലും പ്രതിഷേധിച്ച് ഇടതു അംഗങ്ങൾ സ്ഥാനാരോഹണവും അനുമോദന ചടങ്ങും ബഹിഷ്‌കരിച്ചു.