വായ്പ കിട്ടാക്കടമായി ; സീപ്ലെയിൻ ഫെഡറൽ ബാങ്ക് ജപ്തി ചെയ്തു

വായ്പ കിട്ടാക്കടമായി ; സീപ്ലെയിൻ ഫെഡറൽ ബാങ്ക് ജപ്തി ചെയ്തു

 

സ്വന്തം ലേഖിക

കൊച്ചി: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വായ്പ കിട്ടാക്കടമായതിനെ തുടർന്ന് ഒരു സീപ്ലെയിൻ ജപ്തി ചെയ്തു. ആലുവ ആസ്ഥാനമായുള്ള ഫെഡറൽ ബാങ്കാണ്, കൊച്ചി ആസ്ഥാനമായുള്ള സീബേർഡ് കമ്പനിയുടെ സീപ്ലെയിൻ ജപ്തി ചെയ്തത്.

സീബേർഡിന്റെ പ്രമോട്ടർമാരും പൈലറ്റുമാരുമായ രണ്ടു യുവാക്കൾ ചേർന്ന് 2014 മേയിലാണ് ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്പ എടുത്തത്. 2016 ഒക്‌ടോബർ 31 മുതൽ വായ്പ കിട്ടാക്കടമായി (എൻ.പി.എ). പലിശയും ചേർത്ത് ആറു കോടി രൂപ നിലവിൽ ബാങ്കിന് കിട്ടാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ സർഫാസി നിയമപ്രകാരം ബാങ്കിന് സീപ്ലെയിൻ ജപ്തി ചെയ്യാൻ കഴിയില്ല. പകരം, കേന്ദ്രസർക്കാർ 2016ൽ അവതരിപ്പിച്ച ഇൻസോൾവൻസി ആൻഡ് ബാങ്ക് റഫ്റ്ര്‌സി കോഡ് (ഐ.ബി.സി) പ്രകാരമായിരുന്നു ജപ്തി. ഇതിനായി, ബാങ്ക് ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ അപേക്ഷിച്ചിരുന്നു. ഇതംഗീകരിച്ച ട്രൈബ്യൂണൽ ചാർട്ടേഡ് അക്കൗണ്ടന്റായ കെ.കെ. ജോസിനെ ‘ലിക്വിഡേറ്റർ’ ആയി തുടർ നടപടികൾക്കായി നിയോഗിച്ചു. ലിക്വിഡേറ്ററാണ് ബാങ്കിന്റെ അപേക്ഷാർത്ഥം സീപ്ലെയിൻ കണ്ടുകെട്ടിയത്.

സിയാലിൽ നടന്ന ജപ്തി നടപടികൾക്ക് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് കെ.എ. ബാബു, വൈസ് പ്രസിഡന്റ് മൊഹമ്മദ് സഗീർ എന്നിവർ നേതൃത്വം നൽകി. വിമാനത്തിന്റെ പാർക്കിംഗ് ഫീസായി സിയാലിന് നൽകാനുള്ള നാലു ലക്ഷത്തോളം രൂപയും കുടിശികയാണെന്ന് അറിയുന്നു. ലക്ഷദ്വീപ് കേന്ദ്രമായി പ്രവർത്തിക്കാനായാണ് സീബേർഡ് കമ്പനി സീപ്ലെയിൻ വാങ്ങിയത്. എന്നാൽ, ലൈസൻസ് ലഭ്യമാകാത്തതിനാൽ സർവീസ് നടത്താനായില്ല.

ഇന്ത്യയിലെ തന്നെ ആദ്യ സീപ്ലെയിനുകളിലൊന്നായിരുന്നു ഇത്. അമേരിക്കൻ കമ്പനിയിൽ നിന്ന് വാങ്ങുമ്പോൾ 13 കോടി രൂപയായിരുന്നു വില. പ്രമോട്ടർമാർ തന്നെ അമേരിക്കയിൽ നിന്ന് നേരിട്ട് പറത്തിക്കൊണ്ടുവന്നതാണ് ഈ വിമാനമെന്നാണ് അറിയുന്നത്. നിലവിൽ വിമാനത്തിന് 89 കോടി രൂപ വിലവരും. സീപ്ലെയിനിന്റെ മൂല്യനിർണയത്തിന് സിയാലിന്റെ സഹായം ഫെഡറൽ ബാങ്കിന് ലഭിച്ചേക്കും. മൂന്നുമാസത്തിനകം മൂല്യനിർണയം പൂർത്തിയാക്കി വില്പന നടത്താനാണ് തീരുമാനം. സിയാലിന് പാർക്കിംഗ് ഫീസിനത്തിൽ കിട്ടാനുള്ള കുടിശികയും വീട്ടും.