
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്‌റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ സാധ്യമാകുന്ന സംസ്ഥാനങ്ങളില്‍ മതനിരപേക്ഷചേരിയെ പിന്തുണക്കേണ്ട നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി. വിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിന്റെ യു.ഡി.എഫ്. സംവിധാനത്തെ പിന്തുണക്കാനാണ് പാർട്ടി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുള്ളത്. ദേശീയതലത്തില്‍ പാർട്ടി 18 സ്ഥലങ്ങളില്‍ മത്സരിക്കുന്നുണ്ടെന്നും കേരളത്തില്‍ സ്ഥാനാർത്ഥികളെ നിർത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചാരണവും പങ്കാളിത്തവും പാർട്ടി ഉദ്ദേശിച്ചിട്ടില്ല. ബിജെപി. വിരുദ്ധമായ സംവിധാനത്തെ പിന്തുണക്കുന്ന ചർച്ച വന്നപ്പോള്‍ കേരളത്തില്‍ ദേശീയ തലത്തില്‍ ഒരുമിച്ച് പോകുന്ന മുന്നണികളാണ് മത്സരിക്കുന്നത്. അതുകൊണ്ട് യു.ഡി.എഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എസ്ഡിപിഐയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴക്കി ഫാസിസ്റ്റ് ഗവണ്‍മെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
അതിനിടെ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് വയ്ക്കാൻ കോണ്‍ഗ്രസും മുസ്ലിം ലീഗും തയ്യാറാകുമോ എന്ന് കെ ടി ജലീല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തുമാകാം എന്ന നിലയിലാണ് കാര്യങ്ങള്‍. മലപ്പുറത്തും പൊന്നാനിയിലും ജയിക്കാൻ മതേതര മുഖം അഴിച്ചു വയ്‌ക്കേണ്ട ദയനീയ സ്ഥിതിയിലാണ് മുസ്ലിം ലീഗ് എന്നും കെ ടി ജലീല്‍ വിമർശിച്ചു.