video

00:00

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേയും കേസ്; സിപിഎം നഗരസഭ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും കേസിൽ പ്രതിചേര്‍ത്തു

പാതിവിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്: സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേയും കേസ്; സിപിഎം നഗരസഭ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും കേസിൽ പ്രതിചേര്‍ത്തു

Spread the love

ആലപ്പുഴ/കൊച്ചി: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി നടന്ന തട്ടിപ്പില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേയും കേസ്. കായംകുളം പോലീസാണ് സംഭവത്തില്‍ സിപിഎം നഗരസഭ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

കായംകുളം നഗരസഭ നാലാംവാര്‍ഡ് കൗണ്‍സിലര്‍ ഷെമിമോള്‍, ഇരുവ ലോക്കല്‍കമ്മിറ്റി അംഗം നാദിയ എന്നിവര്‍ക്കെതിരെയാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കായംകുളം മേഖലയില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് തട്ടിപ്പില്‍ പണം നഷ്ടമായെന്നാണ് വിവരം.

സ്‌കൂട്ടര്‍ തട്ടിപ്പില്‍ നേരത്തെ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് അടക്കമുള്ളവര്‍ക്കെതിരേ കണ്ണൂരില്‍ പോലീസ് കേസെടുത്തിരുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരേയും സംഭവത്തില്‍ ആരോപണമുയര്‍ന്നു. പെരിന്തല്‍മണ്ണ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ നജീബ് കാന്തപുരത്തിനെതിരേയും ഇതേ തട്ടിപ്പില്‍ പോലീസ് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പുലാമന്തോള്‍ സ്വദേശിനിയുടെ പരാതിയിലാണ് എംഎല്‍എക്കെതിരേയും പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്. അതിനിടെ, സ്‌കൂട്ടര്‍ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അനന്തുകൃഷ്ണന്‍ സിഎസ്ആര്‍ ഫണ്ടിനായി നിരവധി കമ്പനികളെ സമീപിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നു.

ഏകദേശം 200ഓളം കമ്പനികളെയാണ് സി.എസ്.ആര്‍. ഫണ്ടിനായി അനന്തുകൃഷ്ണന്‍ സമീപിച്ചത്. എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എ ആനന്ദ്കുമാറുമായി ബന്ധം സ്ഥാപിച്ചാണ് വിവിധ കമ്പനികളെ സമീപിച്ചത്. എന്നാല്‍, ആരും പണം നല്‍കിയില്ല.

ഇതോടെ ആളുകളില്‍നിന്ന് സ്വരൂപിച്ച പണത്തില്‍നിന്ന് കുറച്ചുതുക മുടക്കി ഏതാനുംപേര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി. ഇതുകണ്ടതോടെ കൂടുതല്‍പേര്‍ പാതിവിലയ്ക്ക് സ്‌കൂട്ടര്‍ കിട്ടാനായി അനന്തുകൃഷ്ണന്റെ സീഡ് സൊസൈറ്റിക്ക് പണംനല്‍കി. ഇതിനിടെ, വാഹനഡീലര്‍മാരില്‍നിന്നടക്കം കമ്മീഷന്‍ ഇനത്തിലും അനന്തുകൃഷ്ണന്‍ വന്‍തുക വാങ്ങിയിരുന്നതായും വിവരങ്ങളുണ്ട്.