വടിയെടുത്താൽ ഇനി അടി കുട്ടികൾക്കല്ല, വടിയെടുക്കുന്നവർക്ക് ; ചൂരലിനെതിരെ ഉത്തരവുമായി സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്കൂളുകളിൽ കുട്ടികൾക്ക് നേരെ ഇനി വടിയെടുത്താൽ ” അടി ” കിട്ടുന്നത് വടി എടുത്തവർക്കും സ്കൂളിനും. ഇതു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം സ്കൂളുകൾക്ക് ലഭിച്ചു. ഇതിനുപുറമെ കടകളിൽ ചൂരൽ വില്ക്കുന്നത് തടയണമെന്നും, ചൂരൽ ഉപയോഗിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്.
സ്കൂളുകൾക്ക് സമീപത്തുളള കടകളിൽ കെട്ടുകണക്കിന് ചൂരൽ വില്പനയ്ക്കുള്ളതായി ബാലാവകാശ കമ്മിഷന് ലഭിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരങ്ങൾ അന്വേഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപഡയറക്ടർമാരെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇവർ സമർപ്പിച്ച റിപ്പോർട്ടുകളിൽ സംഗതി സത്യമെന്ന് കണ്ടതിനെ തുടർന്നാണ് സ്കൂളുകളിൽ ചൂരൽ വിലക്കി ഉത്തരവ് ഇറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ചടക്കത്തിന്റെ പേരിൽ കുട്ടികളുടെ നേർക്കുള്ള എല്ലാത്തരം ശാരീരിക പീഡനങ്ങളും വീടുകളിലും സ്‌കൂളുകളിലും നിരോധിക്കണം എന്ന് യുനെസ്കോ റിപ്പോർട്ടുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ കുട്ടികളെ മർദ്ദിക്കുകയോ, മാന്യമല്ലാതെ പെരുമാറുകയോ ചെയ്താൽ അച്ഛനമ്മമാരാണെങ്കിലും അഴിയെണ്ണേണ്ടി വരും. രക്ഷാകർതൃ പദവി തന്നെ നഷ്ടമായേക്കാം. നേരത്തെ സംസ്ഥാനത്ത് സ്കൂളുകളിൽ ചൂരൽ പ്രയോഗം വ്യാപകമായിരുന്നെങ്കിലും ഇപ്പോൾ തീരെ കുറവാണ്.
എന്നാൽ ചൂരലിനെതിരെ സംസ്ഥാന സർക്കാർ ഉത്തരവിറക്കുന്നത് ഇതാദ്യമാണ്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൽ കുട്ടികളെ ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കുന്ന ഒരു ശിക്ഷാനടപടികളും പാടില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അതിനുശേഷം ചൂരൽ കഷായവും അമിതമായ ശാസനയുമൊന്നും പതിവുള്ളതല്ല.