പട്ടാപ്പകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക
കൊച്ചി: പട്ടാപ്പകൽ സ്‌കൂൾ വിദ്യാർഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഇരുപത്തൊന്നുകാരനായ യുവാവ് പിടിയിൽ. പെരുവ സ്വദേശി ആകാശിനെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്ക് തനിച്ച് നടന്നു പോകുകയായിരുന്നു പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ബൈക്കിലെത്തിയ ആകാശ് പെൺകുട്ടിയുടെ സമീപത്ത് ബൈക്ക് നിർത്തുകയും നിലത്ത് വീണുപോയ മൊബൈൽ എടുത്തുതരാൻ ആവശ്യപ്പെടുകയും ചെയ്തു. പെൺകുട്ടി ഫോൺ എടുത്തുനൽകുന്നതിനിടെ ഇയാൾ സ്‌കൂൾ ബാഗിൽ ബലമായി പിടിച്ചുവലിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെൺകുട്ടി വേഗത കുറഞ്ഞ സമയം നോക്കി റോഡിലേക്ക് ചാടി. രക്ഷപ്പെട്ട പെൺകുട്ടി നാട്ടുകാരോട് വിവരങ്ങൾ പറഞ്ഞു. ഈ സമയം ആകാശ് ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവം നടക്കുന്നതിന് തൊട്ടു മുൻപ് സമീപത്തുള്ള വീട്ടമ്മയെ ഉപദ്രവിച്ച് ആകാശ് അവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. വീട്ടമ്മ ബൈക്കിന്റെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.