അക്കൗണ്ട് വിവരങ്ങൾ പുറത്താകുമെന്ന ഭയം വേണ്ട ; ഇനി 50,000 രൂപ വരെയുള്ള ഇടപാടുകൾക്ക് വിർച്വൽ കാർഡ് സംവിധാനമൊരുക്കി എസ്ബിഐ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബാങ്കിന്റെ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്ന അക്കൗണ്ടുടമകൾക്ക് പുതിയ ഓഫറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിർച്വൽ കാർഡ് സേവനമാണ് ഇടപാടുകാർക്കായി എസ്ബിഐ ഒരുക്കിയിരിക്കുന്നത്.
സാമ്പത്തിക ഇടപാടുകൾക്കായി ഓൺലൈൻഎസ്ബിഐ ഡോട്ട് കോം എന്ന പോർട്ടൽ പ്രയോജനപ്പെടുത്തുന്ന അക്കൗണ്ടുടമകൾക്കായാണ് ബാങ്ക് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ പോർട്ടലിൽ കയറി വിർച്വൽ കാർഡ് വഴി ഓൺലൈൻ ഇടപാട് നടത്താനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടപാട് പൂർത്തിയാകുന്നതോ, 48 മണിക്കൂറോ ഇതിൽ ഏതാണ് ആദ്യം സാധ്യമാകുന്നത് അതുവരെ കാലാവധിയുളളതാണ് വിർച്വൽ കാർഡ് ഇടപാട്. പ്രാഥമിക കാർഡായ ഡെബിറ്റ് കാർഡിലെ വിവരങ്ങൾ രേഖപ്പെടുത്താതെ തന്നെ ഇടപാട് നടത്താൻ സാധിക്കുമെന്നതിനാൽ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും. ഇതിന് പുറമേ അക്കൗണ്ട് വിവരങ്ങളും കൈമാറാതെ തന്നെ ഇടപാട് നടത്താൻ സാധിക്കുമെന്നും ബാങ്ക് അവകാശപ്പെടുന്നു. 100 രൂപ മുതൽ 50000 രൂപ വരെയുളള ഇടപാടുകൾ ഇത്തരത്തിൽ ചെയ്യാൻ സാധിക്കും.
എസ്ബിഐയുടെ ബാങ്കിങ് പോർട്ടലിൽ കയറി ഇ- കാർഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് വിർച്വൽ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. പണം കൈമാറാൻ ഉപയോഗിക്കുന്ന അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ കൈമാറിയാണ് ഇത് സാധ്യമാക്കേണ്ടത്. ഇത്തരത്തിൽ വിവരങ്ങൾ കൈമാറി അക്കൗണ്ടിൽ നിന്ന് വിർച്വൽ കാർഡിലേക്ക് തുക മാറ്റിയാണ് ഇടപാട് പൂർത്തിയാക്കേണ്ടത്.
ഒടിപിയുടെ സേവനത്തോടെയാണ് വിർച്വൽ കാർഡിനായുളള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. വിർച്വൽ കാർഡിലേക്ക് തുക കൈമാറി കഴിഞ്ഞാൽ, ഇത് ഉപയോഗിച്ച് സുരക്ഷിതമായി ഓൺലൈൻ ഇടപാടുകൾ നടത്താവുന്നതാണ്.