എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമണം: രണ്ട് എൻ.ജി.ഒ നേതാക്കൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയ സി.പി.എം സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവർ അറസ്റ്റിൽ. ഹരിലാൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയും അശോകൻ എൻ.ജി.ഒ യൂണിയന്റെ തൈക്കാട് ഏരിയാ സെക്രട്ടറിയുമാണ്. ജില്ലയിലെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അക്രമങ്ങൾ നടത്തിയത്. എസ്.ബി.ഐ ആക്രമണത്തിന്റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബുവും ജില്ലാ കമ്മിറ്റിയംഗം എസ്. സുരേഷ് കുമാറും അക്രമി സംഘത്തിലുണ്ടായിരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇരുവരും ചരക്കുസേവന നികുതി വകുപ്പിലെ ഇൻസ്‌പെക്ടർമാരാണ്. പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തിയാണ് അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. രാവിലെ പത്തര മണിയോടെ ബാങ്കിലെത്തിയ 15 അംഗ സമരക്കാരുടെ സംഘം മാനേജരുടെ കാബിനിൽ അതിക്രമിച്ച് കയറി ഉപകരണങ്ങൾ തല്ലി തകർക്കുകയായിരുന്നു. മാനേജർ സന്തോഷ് ഉപയോഗിച്ചിരുന്ന മേശ, കമ്പ്യൂട്ടർ, ടെലിഫോൺ എന്നിവയാണ് സമരക്കാർ തകർത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കിലെ ഭൂരിപക്ഷം ജീവനക്കാരും ദേശിയ പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ ചൊവ്വാഴ്ച ട്രഷറി ബ്രാഞ്ച് പ്രവർത്തിച്ചിരുന്നു.
സംഭവത്തിൽ കൻറോൺമെൻറ് അസിസ്റ്റൻറ് കമ്മീഷണർക്ക് ബാങ്ക് മാനേജർ പരാതി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പൊലീസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.