ഫ്രാങ്കോയ്‌ക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തതും കവിതകൾ പ്രസിദ്ധീകരിച്ചതും ഡ്രൈവിങ്ങ് ലൈസൻസ് എടുത്തതും വാഹനം വാങ്ങിയതും മേലധികാരികളുടെ അനുമതിയില്ലാതെ; സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ കത്തോലിക്കാ സഭയുടെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ കത്തോലിക്കാ സഭയുടെ രൂക്ഷ വിമർശനം.സഭയുടെ ഉടമസ്ഥതയിലുള്ള പത്രത്തിലെ മുഖപ്രസംഗത്തിലാണ് സിസ്റ്റർ ലൂസിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പൊതു സമൂഹത്തിനു മുന്നിൽ കന്യാസ്ത്രീ സന്യാസത്തെ അപഹാസ്യമാക്കുമ്പോൾ യഥാർത്ഥ സത്യം പുറത്തറിയണം എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം തുടങ്ങുന്നത്.സഭാധികാരികളുടെ സമ്മതമില്ലാതെയാണ് ബിഷപ്പ് ഫ്രാങ്കൊയ്‌ക്കെതിരായ സമരത്തിൽ കന്യാസ്ത്രീ പങ്കെടുക്കുകയും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തത്. സന്യാസ വസ്ത്രം മാറ്റി ചുരിദാർ ധരിച്ച് വികലമായ ആക്ഷേപം ഉന്നയിച്ച് സ്വന്തം ഫേട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.അനുവാദമില്ലാതെ കവിതകൾ പ്രസിദ്ധീകരിച്ചു.ഡ്രൈവിങ്ങ് ലൈസൻസ് എടുത്തതും വാഹനം വാങ്ങിയതും മേലധികാരികളുടെ അനുമതിയില്ലാതെയാണ്.
പൊതു സമൂഹത്തിനു മുന്നിൽ സിസ്റ്റർ സഭയെയും സഭാനേതൃത്വത്തെയും അവഹേളിച്ചുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.സഭയ്‌ക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ സിസ്റ്റർ ലൂസി പ്രചരിപ്പിക്കുന്നുെവന്നും പേരെടുത്ത് പറയാതെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നുണ്ട്. മാനന്തവാടി രൂപത പി ആർ ഒ, നോബിൾ പാറയ്ക്കലാണ് സഭാ ഉടമസ്ഥതയിലുള്ള പത്രത്തിൽ സിസ്റ്റർ ലൂസിയെ വിമർശിച്ച് മുഖപ്രസംഗമെഴുതിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 മുതൽ ശമ്പളം സന്യാസ സഭയെ ഏൽപ്പിച്ചില്ല.ഇത്തരത്തിൽ നിരന്തരം അച്ചടക്കം ലംഘിച്ചതിനെ തുടർന്നാണ് കന്യാസ്ത്രീയോട് വിശദീകരണം ചോദിച്ചതെന്നും സത്യം മനസ്സിലാക്കാതെയാണ് മാധ്യമങ്ങളും പ്രവർത്തിക്കുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സിസ്റ്റർ ലൂസിയോട് സന്യാസ സഭ ആവശ്യപ്പെട്ടെങ്കിലും സിസ്റ്റർ ലൂസി അതിന് തയ്യാറായിട്ടില്ല.താൻ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും പല പുരോഹിതരുടെയും തെറ്റ് മറയ്ക്കാനാണ് തന്നെ വിമർശിക്കുന്നതെന്നുമാണ് സിസ്റ്റർ ലൂസിയുടെ നിലപാട്.