പുന്നപ്ര വയലാർ സമരത്തിന് ആവേശം പകർന്ന വിപ്ലവഗാനങ്ങൾ എഴുതിയിരുന്ന ചെറുപ്പക്കാരനെ ആലപ്പുഴ എസ്ഐ ഇടിച്ചു പഞ്ചറാക്കി: പിന്നീട് ഇവർ ആത്മ സുഹൃത്തുക്കളായി.

Spread the love

കോട്ടയം: ആലപ്പുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന സത്യനേശൻ നാടാരുടെ മുൻപിലേക്കാണ് പുന്നപ്ര വയലാർ സമരത്തിന് ആവേശം പകർന്ന വിപ്ലവഗാനങ്ങൾ എഴുതിയിരുന്ന ആ ചെറുപ്പക്കാരനെ ഹാജരാക്കിയത്. സർക്കാരിനെതിരെ പ്രവർത്തിക്കുന്നവരെ പോലീസിന്റെ കയ്യിൽ കിട്ടിയാൽ അക്കാലത്തെ അനുഭവം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ?
ഏറെ കാലമായി പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന “കഥാനായകനെ ” ഇൻസ്പെക്ടർ ശരിക്കൊന്നു പെരുമാറി.

ആലപ്പുഴ സ്റ്റേഷനിൽ അന്ന് പോലീസ് മുറയിൽ പ്രതിയെ പെരുമാറിയ സത്യനേശൻ നാടാരാണ് പിന്നീട് മലയാള സിനിമയുടെ ശുക്രനക്ഷത്രമായി മാറിയ സത്യൻ എന്ന അനശ്വരനടൻ. തിരുവതാംകൂർ പോലീസിന്റെ ഇടി ഏറ്റുവാങ്ങിയ ആ വിപ്ലവസാഹിത്യകാരൻ പിന്നീട് സത്യന്റെ ആത്മസുഹൃത്തായി മാറി . മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതി റെക്കോർഡ് സൃഷ്ടിച്ച എസ്.എൽ.പുരം സദാനന്ദനാണ് സത്യന്റെ ഇടിയും സ്നേഹവും ഏറ്റുവാങ്ങിയ ഈ കഥാനായകൻ.

അഗ്നിപുത്രി , കാട്ടുകുതിര വില കുറഞ്ഞ മനുഷ്യർ , തുടങ്ങിയ അനേകം ഉജ്ജ്വല നാടകങ്ങൾ മലയാള നാടകവേദിക്ക് സംഭാവന ചെയ്ത
എസ്. എൽ.പുരം സദാനന്ദൻ 1963-ൽ
” ശ്രീകോവിൽ “എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക്
പ്രവേശിച്ചതെങ്കിലും
തകഴിയുടെ ചെമ്മീനിന്റെ തിരക്കഥയിലൂടെയാണ് സിനിമാരംഗത്ത് ഇദ്ദേഹം സജീവമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് 130 – ൽ പരം സിനിമകളുടെ തിരക്കഥയെഴുതിയ സദാനന്ദനാകാം ഒരു പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കഥകൾ രചിച്ചിട്ടുള്ളത്.

നെല്ല്, ഒരു പെണ്ണിന്റെ കഥ, യവനിക തുടങ്ങിയ തിരക്കഥകൾ ഇദ്ദേഹത്തിന്റെ മികച്ച കലാസൃഷ്ടികളായി വിലയിരുത്തപ്പെടുന്നു.

എസ് എൽ പുരം സ്ഥാപിച്ച
” സൂര്യസോമ ”
തീയേറ്റേഴ്സ് അവതരിപ്പിച്ച “കാട്ടുകുതിര ” ഒരുപക്ഷേ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കലാ സൃഷ്ടിക്കുശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ തവണ അരങ്ങിലെത്തിയ നാടകമായിരുന്നു .

ഉത്സവപ്പറമ്പുകളിൽ ജനലക്ഷങ്ങൾ മണിക്കൂറുകളോളം ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ഈ നാടകം കണ്ടാസ്വദിച്ചത് .
ചരിത്രം സൃഷ്ടിച്ച ഈ നാടകമാണ് രാജൻ പി ദേവ് എന്ന നടനെ കലാകേരളത്തിന് സംഭാവന ചെയ്തതെന്നുള്ളതും മലയാള നാടക വേദിയുടെ ആവേശം കൊള്ളിക്കുന്ന സുവർണ്ണ അദ്ധ്യായങ്ങൾ .

എസ് എൽ പുരത്തിന്റെ രചനയായ “അഗ്നിപുത്രി” ക്കാണ് മലയാളത്തിൽ ആദ്യമായി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുന്നത്. പി.സുശീല പാടിയ

“കണ്ണു തുറക്കാത്ത ദൈവങ്ങളേ
കരയാൻ അറിയാത്ത
ചിരിക്കാൻ അറിയാത്ത
കളിമൺ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ
മറക്കൂ മറക്കൂ…..”

എന്ന ഗാനം ഇന്നും പുതുമ നഷ്ടപ്പെടാതെ നിൽക്കുന്നതിനോടൊപ്പം

“ഇനിയും പുഴയൊഴുകും …”.( ജയചന്ദ്രൻ)

” ആകാശത്തിലെ
നന്ദിനിപ്പശുവിന് ….”
(പി സുശീല )

” അഗ്നിനക്ഷത്രമേ…..”
(പി സുശീല)

“കിളി കിളി പരുന്തിന്
കൃഷ്ണപ്പരുന്തിന്….”
(പി സുശീല)

എന്നീ ഗാനങ്ങളാൽ സമ്പന്നമായിരുന്നു
“അഗ്നിപുത്രി ” എന്ന ചിത്രം .

തിരക്കഥകൾ കൂടാതെ,
എസ് എൽ പുരം സദാനന്ദൻ എഴുതിയ 51 കഥകൾ ഇതിനകം മലയാളത്തിൽ സിനിമയാക്കപ്പെട്ടിട്ടുണ്ട്.
വിസ്മൃതിയിലായ ആ ചലച്ചിത്രങ്ങൾ പലതും ഇന്ന് ഓർമ്മിക്കപ്പെടുന്നത് അതിലെ മനോഹരമായ ഗാനങ്ങളിലൂടെയാണ് .
അത്തരം ചില ഗാനങ്ങൾ ഇവിടെ ഓർത്തെടുക്കട്ടെ .

“കറുത്ത പെണ്ണേ നിന്റെ
കണ്ണാടിച്ചില്ലിനുള്ളിൽ
വരച്ചതാരാണെന്റെ വർണ്ണചിത്രം .. ”
( കലക്ടർമാലതി )

ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം … ”
( കാർത്തിക )

” സഖാക്കളേ മുന്നോട്ട്
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്…”
( പുന്നപ്ര-വയലാർ )

“വരവായീ വെള്ളിമീൻ തോണി …”
( ജലകന്യക )

“വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ …”
(മൂന്നു പൂക്കൾ )

“ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ …”
( ബ്രഹ്മചാരി )

“കനകം മൂലം ദുഃഖം
കാമിനി മൂലം ദുഃഖം …”
(ഇന്റർവ്യൂ )

“ആയിരം മുഖങ്ങൾ
ഞാൻ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു …”
(നൈറ്റ് ഡ്യൂട്ടി )

“വാൽക്കണ്ണെഴുതി
വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങി…”
(പിക്നിക് )

“പാവാട പ്രായത്തിൽ
നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ …”
(കാർത്തിക )

“പതിനാറു വയസ്സു കഴിഞ്ഞാൽ
പുളകങ്ങൾ പൂത്തുവിരിഞ്ഞാൽ
പതിവായി പെൺകൊടിമാരൊരു
മധുരസ്വപ്നം കാണും …”
( ചേട്ടത്തി )

എന്നിവ ചിലതുമാത്രം .

മലയാളചലച്ചിത്രവേദിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത
മഹാനായ ഈ എഴുത്തുകാരൻ 2005 സെപ്റ്റംബർ 16-നാണ് അന്തരിച്ചത് .

ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം.
പ്രണാമം…