രാഹുലിനെതിരെ പച്ചമുളക് ചിഹ്നത്തിൽ സരിത സ്ഥാനാർത്ഥി: അമേഠിയിൽ പോരാട്ടത്തിനൊരുങ്ങി സരിത

രാഹുലിനെതിരെ പച്ചമുളക് ചിഹ്നത്തിൽ സരിത സ്ഥാനാർത്ഥി: അമേഠിയിൽ പോരാട്ടത്തിനൊരുങ്ങി സരിത

സ്വന്തം ലേഖകൻ

അമേഠി: വയനാട്ടിലും കൊച്ചിയിലും പത്രിക തള്ളിയ സാഹചര്യത്തിൽ അമേഠിയിൽ മത്സരിക്കാനിറങ്ങിയ സരിതയ്ക്ക് ചിഹ്നം പച്ചമുളക്. പച്ചമുളക് ചിഹ്നത്തിൽ സരിത അമേഠിയിൽ രാഹുലിനെ നേരിടും.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നായർ നേരത്തെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ പത്രിക തള്ളുകയായിരുന്നു. ഇതോടൊപ്പം തന്നെ എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ നൽകിയ പത്രകയും തള്ളിപ്പോയി.
ഇതേ തുടർന്നാണ് രാഹുൽ മത്സരിക്കുന്ന അമേഠിയിലും സരിതാ നായർ പത്രിക സമർപ്പിച്ചത്. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. വയനാട്ടിലെയും എറണാകുളത്തേയും നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ സരിത് നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നിരവധിക്കേസുകളിൽ സരിത പ്രതിയായിരുന്നു. ഇതിനു ശേഷം ഉമ്മൻചാണ്ടിയും മന്ത്രിമാരും അടക്കമുള്ളവർക്കെതിരെ സരിത കേസും നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധവും സരിത തന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ സരിത മത്സരിക്കുന്നത് വീണ്ടും ചർച്ചയായി മാറുന്നത്.