ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് സരിത; കത്ത് എഴുതിയത് ഞാൻ തന്നെ

ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് സരിത; കത്ത് എഴുതിയത് ഞാൻ തന്നെ

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കത്ത് എഴുതിയത് താൻ തന്നെയാണെന്നും തെളിവുണ്ടെങ്കിൽ ഉമ്മൻചാണ്ടി പുറത്തുവിടട്ടെയെന്ന് വെല്ലുവിളിയുമായി സരിത എസ് നായർ രംഗത്ത്. തെളിവുകൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സരിത എസ് നായരുടെ കത്തിന് പിന്നിൽ കെ ബി ഗണേഷ് കുമാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊട്ടാരക്കര ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു എന്നാൽ സംഭവത്തിൽ ഗണേഷിന് പങ്കില്ലെന്ന് സരിത വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടി കത്തിനെ ഭയപ്പെടുകയാണെന്നും സരിത കൂട്ടിച്ചേർത്തു. സരിത ജയിലിൽ നിന്നും 21 പേജുള്ള കത്താണ് തന്നെ ഏൽപ്പിച്ചതെന്നും, പിന്നീട് ഗണേഷിന്റെ നിർദേശ പ്രകാരം നാലുപേജുകൾ കൂട്ടി ചേർക്കുകയായിരുന്നു എന്നും സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടി ഗണേഷിനെതിരെ രമഗത്തെത്തിയത്. സരിതയുടെ വിവാദ കത്തിലെ നാലു പേജുകൾ വ്യാജമാണ്. ഈ പേജുകൾ വ്യാജമായി നിർമ്മിച്ചതാണ്. ഇത് കത്തിനൊപ്പം കൂട്ടിചേർക്കുകയായിരുന്നു. ഇതിന് പിന്നിൽ ഗണേഷ് കുമാറാണ്. മന്ത്രിസഭയിൽ തിരിച്ചെടുക്കാത്തതിൽ ഗണേഷ് പ്രതികാരം തീർക്കുകയായിരുന്നുവെന്നും ഉമ്മൻചാണ്ടി മൊഴിയിൽ വ്യക്തമാക്കി. സരിതയുടേതെന്ന പേരിൽ 25 പേജുള്ള കത്താണ് പുറത്തുവന്നത്.