play-sharp-fill
ഫെയ്‌സ്ബുക്കിൽ കണ്ട് പരിചയപ്പെട്ട് വിവാഹം : കാമുകനെ കണ്ടെത്തിയതും സോഷ്യൽ മീഡിയ വഴി ; കൊല്ലും മുൻപും ഫെയ്‌സ്ബുക്കിൽ മകന്റെ ഫോട്ടോയിട്ട് നാടകവും : സോഷ്യൽ മീഡിയിൽ ജീവിച്ച് ജയിലിലായ ശരണ്യയുടെ ജീവിത കഥയിങ്ങനെ

ഫെയ്‌സ്ബുക്കിൽ കണ്ട് പരിചയപ്പെട്ട് വിവാഹം : കാമുകനെ കണ്ടെത്തിയതും സോഷ്യൽ മീഡിയ വഴി ; കൊല്ലും മുൻപും ഫെയ്‌സ്ബുക്കിൽ മകന്റെ ഫോട്ടോയിട്ട് നാടകവും : സോഷ്യൽ മീഡിയിൽ ജീവിച്ച് ജയിലിലായ ശരണ്യയുടെ ജീവിത കഥയിങ്ങനെ

സ്വന്തം ലേഖകൻ

കണ്ണൂർ: ഒന്നര വയസുകാരൻ വിയാനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റം ചെയ്തത് ഭർത്താവ് പ്രണവാണെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശരണ്യ. കുഞ്ഞിനെ കാണാതായത് മുതൽ പൊലീസിന്റെ ചോദ്യങ്ങളെ ശരണ്യ നേരിട്ടതും  അങ്ങനെ തന്നെയായിരുന്നു.


സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയോടുള്ള എല്ലാ സഹതാപത്തോടെയും ബഹുമാനത്തോടെയുമാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശരണ്യയോട് ഇടപെട്ടിരുന്നത്. എന്നാൽ കുഞ്ഞിന്റെ അച്ഛനെ സംശയിക്കാൻ കാരണവും ഉണ്ടായിരുന്നു. ഭർത്താവ് സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികതയും എല്ലാം തുടക്കം മുതൽ ശരണ്യ ചോദ്യം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരണ്യയക്ക് പതിനെട്ടു വയസ്സു പൂർത്തിയായതിന് ശേഷം ദിവസങ്ങൾക്കുള്ളിലായിരുന്നു ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണവിനെ വിവാഹം കഴിച്ചത്. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വിവാഹത്തിന് വീട്ടുകാർ എതിർത്തുവെങ്കിലും ശരണ്യയുടെ പിടിവാശിയിലായിരുന്നു വിവാഹം നടന്നത്.

ആ ബന്ധം മുന്നോട്ടു പോകാനാകാത്ത വിധം തകർന്നത് ഭർത്താവ് പ്രണവിന്റെ ഗൾഫിൽ പോക്കിന് ശേഷമാണ്. അപ്പോഴായിരുന്നു ശരണ്യയ്ക്ക് പുതിയ കാമുകനെ കിട്ടിയത്. ഇതെല്ലാം മറച്ചുവച്ച് പ്രണവിനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശരണ്യയ്ക്കായി. മുവ്വായിരം രൂപ മാസം കുഞ്ഞിനും ശരണ്യയ്ക്കുമായി ചെലവിനു നൽകാൻ വ്യവസ്ഥയുണ്ടായിരുന്നു. കുട്ടിയെ കൊന്ന ശേഷം കാമുകനൊപ്പം ജീവിക്കാമെന്ന സ്വപ്നം കണ്ട ശരണ്യയ്ക്ക്, കാമുകന് മറ്റൊരു കാമുകിയുണ്ടെന്നും ഇരുവരും വിവാഹം കഴിക്കാൻ പോകുന്നവെന്ന കാര്യവും അറിയില്ലായിരുന്നു.

മൂന്നു മാസത്തിനുശേഷമാണ് കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിൽ വന്നതെന്ന് ആദ്യം പറഞ്ഞ ശരണ്യ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചു.

പുലർച്ചെ മൂന്നിന് കുഞ്ഞുമായി ഹാളിലെത്തിയത് വിയാനെ കൊല്ലാൻ തന്നെയെന്ന് ഒടുവിൽ തുറന്നു പറഞ്ഞു. ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി കടൽത്തീരത്തേക്ക് പോയി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നുവെന്നും കുറച്ചു നേരം കഴിഞ്ഞ് കിടന്ന് ഉറങ്ങിയെന്നും ശരണ്യ പൊലീസിനോട് സമ്മതിച്ചു.

അതേസമയം കൊലപാതകം നടപ്പാക്കുന്നതിനോ അത് ആസൂത്രണം ചെയ്യുന്നതിനോ ആരുടെയും സഹായം ഇവർക്കു ലഭിച്ചിരുന്നില്ല. ശരണ്യയുടെ ഭർത്താവിനെയും കാമുകനെയും ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

പ്രണവ് തയ്യിലിലെ വീട്ടിലെത്തിയ അന്ന് രാത്രിയും കാമുകൻ ശരണ്യയുടെ വീടിന്റെ പരിസരങ്ങളിൽ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ ഇടയ്ക്കിടെ കാണാറുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. എന്നാൽ ശരണ്യയ്ക്ക് വിവാഹ വാഗ്ദാനം നൽകിയതിനോ കുഞ്ഞിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതിനോ കാമുകനെതിരെ തെളിവുകൾ ലഭിച്ചില്ല. ഇതോടെയാണ് കാമുകന് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് ഉറപ്പിച്ചത്.