ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്തമർത്തി ശ്വാസം മുട്ടിച്ചു ; മരിച്ചെന്ന് കരുതി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കയറ്റികൊണ്ടുപോയി പുഴയിൽ ഉപേക്ഷിച്ചു ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം, എന്നാൽ ആത്മഹത്യ ചെയ്യാനായില്ല ; ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ് : സ്വന്തം മകളെ കൊലപ്പെടുത്തിയത് വിശദീകരിച്ച് സനുമോഹൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പതിമൂന്നുകാരിയായ വൈഗയെ(13) മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളെ കൊലപ്പെടുത്തിയതാണെന്ന കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ.

മകളെ കൊലപ്പെടുത്തി അവളൊടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ വൈഗയെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനുമോഹൻ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിയ്ക്കുകയായിരുന്നു. ഞാൻ മാത്രമായി മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു.

അമ്മെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറയുകയും ചെയ്തു. എന്നാൽ അത് കേട്ടപ്പോൾ പൊട്ടിക്കരഞ്ഞ് ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തി ശ്വാസം മുട്ടിയ്ക്കുകയായിരുന്നു.

ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു. ശ്വാസം മുട്ടിച്ചപ്പോൾ വൈഗയുടെ മൂക്കിൽ നിന്ന് രക്തം ഒഴുകി. രക്തം ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു കളയുകയായിരുന്നു. പിന്നീട് മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി.

അവൾ മരിച്ചെന്ന് കരുതി മുട്ടാർ പുഴയുടെ കൽക്കെട്ടിലെത്തി വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മകളെ കൊലപ്പെടുത്തിയതിന്റെ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടർന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി.

കൈയ്യിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞു. ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണെന്നും യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു മോഹൻ പറയുന്നു.

എന്നാൽ സമുമോഹന്റെ ഈ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ വാദം. ഫ്‌ളാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ചെങ്കിലും വൈഗ മരിച്ചിരുന്നില്ല. ബോധ രഹിതയായ വൈഗ മരിച്ചെന്ന് സനു മോഹൻ കരുതി വെള്ളത്തിലെറിയുകയായിരുന്നു.

വെള്ളത്തിൽ വീണ ശേഷമാണ് മരണം സംഭവിച്ചത്. വൈഗയുടെ ആന്തരികാവയവങ്ങളിൽ വെള്ളമെത്തിയത് ഇങ്ങനെയാവാമെന്നാണ് പൊലീസിന്റെ വാദം.

മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കിയാണ് സനുമോഹൻ സഞ്ചരിച്ചത്. കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് സനു മോഹനെ മൂന്നംഗ സംഘമാണ് പിടികൂടിയതെന്നും അന്വേഷണ സംഘത്തിൽ നിന്ന് വിവരം കിട്ടി.

കേസിൽ സനു മോഹന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം രാത്രിയോടെ കൊച്ചിയിൽ എത്തിച്ച സനു മോഹനെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വരികയാണ്.