സഞ്ജീവ് ഭട്ടിന് നീതി കിട്ടും വരെ പോരാടും : ശ്വേത

സഞ്ജീവ് ഭട്ടിന് നീതി കിട്ടും വരെ പോരാടും : ശ്വേത

സ്വന്തം ലേഖകൻ

ന്യൂ ഡൽഹി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ടിന്റെ നീതിക്കായി അന്ത്യശ്വാസം വരെ പോരാടുമെന്ന് ഭാര്യ ശ്വേത ഭട്ട്. കഴിഞ്ഞ ദിവസം ജാംനഗർ സെഷൻസ് കോർട്ട് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കണം. ശ്വേത ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.എന്നാൽ ഒരു കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ഈ മനുഷ്യന് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങൾ ഒറ്റക്കാകുമോ അതോ ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിലെ ജനം അവർക്കു വേണ്ടി പോരാടിയ മനുഷ്യൻറെ നീതിക്കുവേണ്ടി കൂടെ നിൽക്കുമോ എന്നതാണത്. നിങ്ങളുടെ പിന്തുണ എപ്പോഴും പ്രചോദനമാണ്. എന്നാൽ, പ്രവൃത്തിയില്ലാത്ത പിന്തുണ വ്യർഥവുമാണ്. രാജ്യത്തെയും ജനത്തെയും സത്യസന്ധമായി സേവിച്ച ഒരു മനുഷ്യനെ നീതിയുടെ അസംബന്ധ നാടകത്തിന് വിട്ടു നൽകിയാൽ നിങ്ങളുടെ പിന്തുണക്ക് അർത്ഥമില്ലാതാകും- ശ്വേത പറയുന്നു.ഒരു യഥാർത്ഥ ഐപിഎസുകാരനായി നിലകൊണ്ടതിൽ അദ്ദേഹത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചു. നിങ്ങൾ അയാളുടെ കൂടെ നിൽക്കുകയോ ആ മനുഷ്യനെ (സഞ്ജീവ് ഭട്ടിനെ) സംരക്ഷിക്കുകയോ ചെയ്തില്ല. പ്രതികാരം ചെയ്യുന്ന സർക്കാറിനെതിരെ അദ്ദേഹത്തിൻറെ പോരാട്ടം ഒറ്റക്കായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ ഇരുണ്ടകാലത്തിലൂടെ നമ്മൾ പോയിക്കൊണ്ടിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. കാര്യമറിയാതെ അഭിപ്രായം പറയുന്നവർക്കായി കേസിൻറെ എല്ലാ വിവരങ്ങളും ഞാൻ നൽകുന്നു. അർപ്പണ ബോധത്തോടെയും നീതിയോടെയും ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ശിക്ഷിച്ചതിലൂടെ നീതി തോറ്റത് എങ്ങനെയാണെന്ന് ഈ വിവരങ്ങളിലൂടെ നിങ്ങളുടെ കണ്ണുതുറപ്പിക്കുമെന്ന് എനിക്കുറപ്പാണ്. ഇത് പറയുന്നതോടൊപ്പം ശ്വേത ഐപിഎസ് അസോസിയേഷനെയും രൂക്ഷമായി വിമർശിച്ചു.