video
play-sharp-fill
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നത നേതാവിന്റെ മകന്റെയും  പേര് പറയാൻ ഭീഷണിപ്പെടുത്തി ; പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തുമെന്നും ഭീഷണി, ഉറങ്ങാൻ പോലും അവർ അനുവദിച്ചില്ല : ഇ.ഡി.യ്‌ക്കെതിരെ  സന്ദീപ് നായരുടേതെന്ന പേരിൽ  ജഡ്ജിയ്ക്ക് കത്ത്

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ ഭീഷണിപ്പെടുത്തി ; പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടത്തുമെന്നും ഭീഷണി, ഉറങ്ങാൻ പോലും അവർ അനുവദിച്ചില്ല : ഇ.ഡി.യ്‌ക്കെതിരെ സന്ദീപ് നായരുടേതെന്ന പേരിൽ ജഡ്ജിയ്ക്ക് കത്ത്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതി സന്ദീപ് നായർ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ജഡ്ജിക്കാണ് സന്ദീപ് നായർ കത്ത് അയച്ചിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി നിർബന്ധിച്ചുവെന്നും മന്ത്രിമാരുടെ പേര് പറയാനും ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും ഇ ഡി നിർബന്ധിച്ചുവെന്നാണ് സന്ദീപ് വെളിപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്നായിരുന്നു വാഗ്ദ്ധാനം. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്നും ഭീഷണിപ്പെടുത്തി. ഇ ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനാണ് നിർബന്ധം ചെലുത്തിയതെന്നും സന്ദീപ് നായർ കത്തിൽ പറയുന്നു.

കേസിന്റെ അന്വേഷണം വഴിതെറ്റിക്കാൻ ഇ ഡി ശ്രമിക്കുന്നതായും കത്തിലുണ്ട്. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇ ഡി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തന്റെ ജീവന് ഇ ഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്.

സന്ദീപ് നായരുടെ കത്ത് ജയിൽ അധികൃതർ മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി. എന്നാൽ സന്ദീപിന്റെ ഈ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇ ഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ ഉളളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. കസ്റ്റഡിയിൽ തുടരാൻ കോടതിയിൽ താത്പര്യം പ്രകടിപ്പിച്ച പ്രതി കൂടിയാണ് സന്ദീപ് നായർ.പൊലീസുകാരും, പ്രതിയും ഇ ഡിയ്‌ക്കെതിരെ നൽകിയ മൊഴിയെ കുറിച്ച് ഇ ഡി പരിശോധന തുടങ്ങിയിട്ടുണ്ട്.