
മീനച്ചിലാറ്റിൽ അനധികൃത മണൽ വാരൽ വ്യാപകം ; മീനച്ചിലാറിന്റെ ഇളപ്പുങ്കൽ, രണ്ടാറ്റ് മുക്ക്, വട്ടികൊട്ട ഭാഗങ്ങളിലാണ് മണൽവാരൽ ; പരാതി നൽകിയാൽ ഗുണ്ടകളെ വിട്ടുള്ള ഭീഷണി ; അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: രാത്രികാലങ്ങളിൽ മീനച്ചിലാറിൻ്റെ തീരത്ത് അനധികൃത മണൽ വാരൽ വ്യാപകം. നാട്ടുകാർ പരാതിപ്പെട്ടാൽ പിന്നാലെ ഗുണ്ടകളെ വിട്ടുള്ള ഭീഷണിയും. മീനച്ചിലാറ്റിൽ അനധികൃത മണൽ വാരൽ വ്യാപകമാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. മീനച്ചിലാറിന്റെ ഇളപ്പുങ്കൽ, രണ്ടാറ്റ് മുക്ക്, വട്ടികൊട്ട ഭാഗങ്ങളിലാണ് രാത്രി മണൽവാരൽ വ്യാപകമായത്.
രാത്രി 11ന് ശേഷം ആരംഭിക്കുന്ന മണൽവാരൽ പുലർച്ച അഞ്ചിനാണ് അവസാനിക്കുന്നത്. ഈ സമയത്ത് ഇവിടങ്ങളിൽ നിന്ന് നിരവധി ലോഡുകൾ കയറിപ്പോവും. മണൽവാരൽ മൂലം മീനച്ചിലാറ്റിൽ വേനൽക്കാലങ്ങളിൽ ജലദൗർലഭ്യം ഉണ്ടാവുന്നുണ്ട്. രണ്ട് പ്രളയങ്ങൾക്ക് ശേഷം വ്യാപകമായ തോതിൽ മീനച്ചിലാറ്റിൽ മണൽ അടിഞ്ഞത് മണൽമാഫിയകൾക്ക് സൗകര്യമായിട്ടുണ്ട്. മണലൂറ്റ് ശക്തമായതോടെ വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുലോഡ് മണലിന് നിലവിൽ15000 രൂപക്ക് മേൽ വിലയുണ്ട്. അതേസമയം വ്യാപകമായ മണലൂറ്റ് തടയുന്നതിന് പഞ്ചായത്ത്, റവന്യൂ, പോലീസ് അധികാരികൾ ശ്രമിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് പോലീസിനെയും റവന്യൂ വിഭാഗത്തെയും അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ നിസ്സംഗത പുലർത്തുകയാണെന്ന് നാട്ടുകാർ പറയുന്നു.