ഈ വർഷം രാജ്യം നേടിയത് വെറും അഞ്ച് ശതമാനത്തിന്റെ സാമ്പത്തിക വളർച്ച ; അടുത്ത വർഷം അത് ആറു മുതൽ ആറര വരെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ഈ വർഷം രാജ്യം നേടിയ സാമ്പത്തിക വളർച്ച വെറും അഞ്ച് ശതമാനം. അടുത്ത സാമ്പത്തിക വർഷത്തിൽ അത് 6 മുതൽ 6.5 ശതമാനത്തിന്റെ വളർച്ച നേടുമെന്ന പ്രവചനവുമായി സാമ്പത്തിക 2020 സർവേ പുറത്ത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമർപ്പിച്ച സാമ്പത്തിക സർവേ ഫലത്തിലാണ് ഏപ്രിൽ 2020 മുതൽ 2021 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഈവിധം വളർച്ച നേടുമെന്ന് പ്രവചിക്കുന്നത്.
ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ഇത്തരത്തിലൊരു സർവേ ഫലം കേന്ദ്ര സർക്കാർ പുറത്തുവിടുന്നത്. നിലവിലെ സാമ്ബത്തിക വർഷത്തിൽ 5 ശതമാനം വളർച്ച ഇന്ത്യയ്ക്കുണ്ടായിട്ടുണ്ടെന്നും സർവേയിൽ പറയുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് അനായാസമായി വ്യാപാരം ചെയ്യുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക, രാജ്യത്തെ തുറമുഖങ്ങളിലും മറ്റുമായി ചുവപ്പുനാട സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കി കയറ്റുമതി വർദ്ധിപ്പിക്കുക, വസ്തു രജിസ്ട്രേഷൻ, നികുതി വരവ്, കരാറുകൾ നടപ്പിലാക്കൽ എന്നിവയിലെ തടസങ്ങൾ നീക്കം ചെയ്യുക എന്നീ നടപടികളാണ് രാജ്യത്തെ സാമ്ബത്തിക ബുദ്ധിമുട്ടിൽ നിന്നും കര കയറ്റാൻ ഉദ്ദേശിച്ചുകൊണ്ട് കേന്ദ്രം നടപ്പിലാക്കേണ്ടതെന്ന് സർവേ പറയുന്നു.
ലോകത്താകമാനമായി കാണുന്ന സാമ്ബത്തിക പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചിട്ടുണ്ടെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ആഭ്യന്തര സാമ്ബത്തിക മേഖലയിലെ പ്രശ്‌നങ്ങൾ കാരണം നിക്ഷേപങ്ങളിലും കുറവ് വന്നിട്ടുള്ളതായി സർവേയിൽ പരാമർശമുണ്ട്.
സാമ്പത്തിക മേഖലയിൽ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്‌ക്കരണങ്ങൾ അടിയന്തിരമായി നടപ്പാക്കേണ്ടതാണെന്നും വരുന്ന സാമ്ബത്തിക വർഷത്തിൽ രാജ്യം പ്രതിസന്ധിയിൽ നിന്നും കരകയറാൻ ഇത് മാത്രമാണ് മാർഗമെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു.
പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായ ഭരണസംവിധാനം കൊണ്ടുവരണമെന്നും നടപടികൾ സുതാര്യമാക്കണമെന്നും സർവേയിൽ പരാമർശമുണ്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന രേഖയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന സാമ്പത്തിക സർവേ. സാധാരണ നിലയിൽ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കും മുൻപായാണ് സാമ്പത്തിക സർവേ ഫലം കേന്ദ്രം പുറത്തിറക്കുക.