സാജു വർഗീസിനു ബാഡ്ജ് ഓഫ് ഓണർ: ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ആയി നിയമനം; കുറ്റാന്വേഷണ മികവ് ഇനി ഇടുക്കി ക്രൈംബ്രാഞ്ചിൽ
സ്വന്തം ലേഖകൻ
കോട്ടയം: സിഐ സാജു വർഗീസിന് ബാഡ്ജ് ഓഫ് ഓണർ. കുറ്റാന്വേഷണ മികവ് പരിഗണിച്ച് മൂന്നാം തവണയാണ് സി.ഐ സാജു വർഗീസിന് ബാഡ്ജ് ഓഫ് ഓണർ ലഭിക്കുന്നത്. ഇതോടൊപ്പം ഇദ്ദേഹത്തെ ഇടുക്കി ക്രൈംബ്രാഞ്ചിലേയ്ക്ക് നിയമിച്ചും ഉത്തരവായി. സാജു വർഗീസിനൊപ്പം കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സക്കറിയ മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോർജ്, സജു എന്നിവർക്കും ഇതിനൊപ്പം ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിട്ടുണ്ട്.
പാമ്പാടി സ്വദേശിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി പല കഷണങ്ങളാക്കി മാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച കേസിന്റെ അന്വേഷണ മികവ് പരിഗണിച്ചാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിരിക്കുന്നത്. പാമ്പാടി സ്വദേശിയായ സന്തോഷിനെയാണ് കഴിഞ്ഞ വർഷം ജൂലായിൽ മുട്ടമ്പലം നഗരസഭ കോളനിയിൽ താമസക്കാരനായ കമ്മൽ വിനോദ് കഴുത്തറുത്ത് കൊലപ്പെടുത്തി കഷണങ്ങളാക്കി നുറുക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചത്. മരിച്ചതാരാണെന്ന് തിരിച്ചറിയും മുൻപ് തന്നെ പൊലീസ് കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഈ അന്വേഷണ മികവ് പരിഗണിച്ചാണ് ഇപ്പോൾ സാജു വർഗീസ് അടങ്ങുന്ന സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ നൽകിയിരിക്കുന്നത്.
കൊലപാതകം നടക്കുമ്പോൾ സക്കറിയ മാത്യു കോട്ടയം ഡിവൈഎസ്പിയായിരുന്നു. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. കോട്ടയം ഈസ്റ്റ് സിഐ ആയിരുന്നു സാജു വർഗീസ്. ഇതിനിടെ സാജു വർഗിസനെ ഇടുക്കി ക്രൈംബ്രാഞ്ച് സിഐ ആയി നിയമിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത ദിവസം തന്നെ സാജു ഇടുക്കിയിൽ ചുമതലയേറ്റെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group