
ആലപ്പുഴ: വിധിയുടെ ക്രൂരതയില്‍ തകർന്നുപോയ ഒരു കുടുംബം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോർച്ചറിക്ക് മുന്നില്‍ സഹായം തേടുന്നു. സൈക്കിളില്‍ നിന്ന് വീണ് ബിഹാർ സ്വദേശിനിയായ സൈറ ഹാത്തൂൻ (30) മരിച്ചതോടെ, പണമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കാനാവാത്ത സാഹചര്യത്തിലാണ് ഭർത്താവ് ലഡു. ഇന്നലെ രാത്രി മാന്നാറിലായിരുന്നു അപകടം.
ലഡുവിനും ഇളയ കുഞ്ഞിനുമൊപ്പം സൈക്കിളില്‍ പച്ചക്കറി വാങ്ങാൻ പോയതായിരുന്നു സൈറ. യാത്രയ്ക്കിടെ സൈക്കിളില്‍ നിന്ന് വീഴാൻ പോയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്കേറ്റ പരിക്ക് മരണത്തിന് കാരണമായി.
സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡുവും കുടുംബവും ആറ് വർഷമായി കേരളത്തിലുണ്ട്. ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച്, ഭാര്യയുടെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. ചെന്നിത്തലയിലെ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ഇവർക്ക് നിലവില്‍ ആരുടെയും സഹായമില്ല. ജോലി ചെയ്തിരുന്ന കമ്പനി ഉടമ പോലും കൈവിട്ടതോടെ ഇവർ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ നിർധന കുടുംബത്തെ സഹായിക്കാൻ സന്നദ്ധ സംഘടനകളും അധികൃതരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഈ പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിനും കരുണയുള്ളവരുടെ സഹായം അനിവാര്യമാണ്.







