ശബരിമലയിലേയ്ക്കു പോകാൻ നാൽപ്പതംഗ വനിതകൾ കോട്ടയത്തേയ്ക്ക്: 23 ന് റെയിൽവേ സ്‌റ്റേഷനിൽ എത്തും; അതീവ ജാഗ്രതയിൽ പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: തമിഴ്‌നാട്ടിൽ നിന്നുള്ള 25 യുവതികൾ അടക്കം നാൽപ്പതംഗ സംഘം മല ചവിട്ടാൻ കോട്ടയത്തേയ്ക്ക്. 23 ന് കോട്ടയത്ത് എത്തുന്ന വനിതകളുടെ സംഘം മലകയറുമെന്നാണ് തമിഴ് നാട്ടിൽ നിന്നുള്ള സംഘത്തിന്റെ പ്രഖ്യാപനം. കേരളം തമിഴ്‌നാട് കർണ്ണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശബരിമലയിലേയ്ക്ക് തിരിക്കുന്നത്.
ചെന്നൈ മെയിലിൽ ചെന്നൈയിൽ നിന്നും തിരിക്കുന്ന സംഘം 23 ന് കോട്ടയത്ത് എത്തും. തുടർന്ന് ഇവിടെ നിന്നു റോഡ് മാർഗം ശബരിമലയിലേയ്ക്ക് പോകുന്നതിനാണ് പദ്ധതി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിതാ സംഘടനയുടെ നേതൃത്വത്തിലാണ് വനിതകൾ ശബരിമലയിലേയ്ക്കു പോകുന്നതിനായി എത്തുന്നത്. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക് ‘ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ത്രീകൾ അടങ്ങുന്ന സംഘം മലകയറാനെത്തുന്നത്.
ഡിസം: 23 ന്റെ ശബരിമല പ്രവേശത്തെ പിന്തുണച്ചു കൊണ്ട് സാറാ ജോസഫ് ഉൾപ്പെടെയുള്ള എഴുത്തുകാരും രംഗത്ത് വന്നിട്ടുണ്ട് തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള സ്ത്രീ സംഘടനകളും അന്നേ ദിവസം ശബരിമലയിൽ എത്തുന്നുണ്ട്.
തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വനിതാ സംഘടന കേരള മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് സന്ദേശമയച്ചിട്ടുണ്ട്. കേരളത്തിൽ ജിഷയുടെ ക്രൂരമായ കൊലപാതകത്തിന്റെ പ്രതികരണമായി രൂപം കൊണ്ട ഈ സ്ത്രീ കൂട്ടായ്മയുമായി ഐക്യപ്പെട്ടുകൊണ്ടാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്. ഡിസംബർ 23 ന് ശബരിമലയിലേക്ക് വരുന്ന സ്ത്രീ കൂട്ടായ്മക്കൊപ്പം ലിംഗസമത്വത്തിനായി പുരോഗമന ശക്തികൾ അണിനിരക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
യുവതികൾ കോട്ടയത്ത് എത്തുമെന്ന സന്ദേശത്തെ തുടർന്ന് ജില്ലയിൽ രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രതയിലാണ്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ അടക്കം നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.