
കോട്ടയം : ഭക്തിയുടെ നൈർമല്യം പകരുന്ന മണ്ഡലകാലത്തിന്റെ നാളുകളായി. ശബരിമല ദർശനത്തിനായി കോട്ടയത്തെത്തുന്ന ഭക്തർക്ക് യാത്ര സുഗമമാക്കാൻ കെഎസ്ആർടിസി 49 സ്പെഷ്യൽ ബസുകളാണ് സർവീസിനായി ഒരുക്കിയിരിക്കുന്നത്.
35 ബസുകൾ ഇതിനകംതന്നെ സർവീസ് ആരംഭിച്ചുകഴിഞ്ഞു. വരുംദിവസങ്ങളിലെ തിരക്ക് അനുസരിച്ച് കൂടുതൽ ബസുകളെത്തിക്കും. മറ്റു ബസുകളുടെ സർവീസിനെ ബാധിക്കാതിരിക്കാനും സ്റ്റാൻഡിലെ തിരക്ക് നിയന്ത്രിക്കാനുമായി പമ്പയ്ക്ക് സർവീസ് നടത്തുന്ന ബസുകൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പുറപ്പെടുന്നത്.
കോട്ടയത്തുനിന്ന് എരുമേലി വഴി പമ്പയ്ക്ക് സർവീസ് നടത്തുന്ന ബസുകളിൽ ഒരാൾക്ക് 190 രൂപയാണ് ടിക്കറ്റ് നിരക്ക്. സംഘമായി വരുന്നവർക്ക് ആവശ്യാനുസരണം ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള സൗകര്യവുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 പേർക്ക് യാത്ര ചെയ്യാവുന്ന ഒരു ബസിന്റെ പമ്പവരെയുള്ള യാത്രയുടെ വാടക 12,250 രൂപയാണ്. ഭക്തരുടെ ഏറെ നേരത്തെ കാത്തിരിപ്പ് ഒഴിവാക്കാനായി യാത്രക്കാരുടെ എണ്ണം കണക്കാക്കിയാകും സർവീസ് നടത്തുക.
കോട്ടയത്തുനിന്ന് പമ്പ വരെയുള്ള യാത്രയ്ക്ക് ടാക്സി കാറുകൾ ട്രാവലറുകൾ തുടങ്ങിയവയ്ക്കും പ്രത്യേക നിരക്കുകൾ തീരുമാനിച്ചിട്ടുണ്ട്. അഞ്ച് പേർക്ക് ഇരിക്കാവുന്ന ചെറിയ കാറുകൾക്ക് 5000 രൂപയും ഏഴുപേർക്ക് യാത്രചെയ്യാവുന്ന കാറുകൾക്ക് 7000 രൂപയും 12 സീറ്റുകളുള്ള ട്രാവലറുകൾക്ക് 13,000 രൂപയുമാണ് വാടക.
റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ടാക്സികൗണ്ടറിൽ ടാക്സികളും സ്വകാര്യ ബസുകളും ബുക്ക് ചെയ്യാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ വാഹനങ്ങൾ റെയിൽവേസ്റ്റേഷനിൽനിന്ന് പുറപ്പെട്ട് നിലയ്ക്കലിൽ ആളുകളെ ഇറക്കി അവിടെ കാത്തിരിക്കും. തൊഴുതിറങ്ങിയശേഷം തിരികെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ഇതിനായി, ആർടിഒ അംഗീകരിച്ച പ്രത്യേക നിരക്കുകളുണ്ട്.







