കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി നടി ഉഷയുടെ ശബരിമല ദർശനം; പ്രതിഷേധം സർക്കാരിനോടോ, ബിജെപിയോടോ?
സ്വന്തം ലേഖകൻ
ശബരിമല: കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി സിനിമാ-സീരിയൽ നടി ഉഷ തെങ്ങിൻതൊടിയിലിന്റെ വ്യത്യസ്തമായ ശബരിമല ദർശനം. വെള്ളയും കറുപ്പും വസ്ത്രമണിച്ച് ഇരുമുടിക്കെട്ടേന്തിയാണ് ഇവർ ശബരിമലയിൽ എത്തിയത്.
അയ്യപ്പസന്നിധിയിൽ വെച്ചാണ് വായ മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയത്. അതിന് ശേഷം വടക്കേ നടയിൽ നടന്ന നാമജപത്തിൽ പങ്കാളിയാകുകയും ചെയ്തു. പഞ്ചാബിഹൗസ് ഉൾപ്പെടെയുള്ള സിനിമയിൽ അഭിനയിച്ചിട്ടുള്ള ഉഷ ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു അത് നഷ്ടപ്പെടാൻ പാടില്ലെന്നും അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്നും മാത്രം താരം പ്രതികരിച്ചു. യുവതീ പ്രവേശനം സംബന്ധിച്ച് സർക്കാർ ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോടുള്ള പ്രതിഷേധമാണോ അതോ ബിജെപി നടത്തുന്ന പ്രതിഷേധങ്ങളോടുള്ള പ്രതിഷേധമാണോ വാമൂടിക്കെട്ടിയുള്ള ദർശനമെന്ന കാര്യം അവർ പ്രത്യേകം വ്യക്തമാക്കിയില്ല.
കൂടുതൽ പ്രതികരിക്കാനും തയ്യാറായില്ല. ഇത് മൂന്നാംതവണയാണ് താൻ ശബരിമല ദർശനം നടത്തുന്നതെന്നും പറഞ്ഞു. യുവതീ പ്രശ്നവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വൻ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടക്കുന്നതിനിടയിലായിരുന്നു നടി ഉഷയുടെ വ്യത്യസ്തമായ ശബരിമല ദർശനം.
അതേസമയം ശബരിമല സന്നിധാനത്തും പരിസരത്തും നിലനിൽക്കുന്ന നിരോധനാജ്ഞ 26 ന് അർധരാത്രി വരെ നീട്ടിയിട്ടുണ്ട്. തീർഥാടകർക്കു സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭക്തർക്ക് ഒറ്റയ്ക്കോ കൂട്ടമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ ഒരു തടസവുമുണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നു. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴി തടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.