
ശബരിമല: ആചാര ലംഘനത്തിന് പരിഹാരപൂജ ചെയ്തെന്ന തില്ലങ്കേരിയുടെ വാദം തെറ്റ്; ദേവസ്വം ബോർഡ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ ആചാരം ലംഘിച്ചതിന് തന്ത്രി പറഞ്ഞ പരിഹാരപൂജ ചെയ്തെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം തെറ്റെന്ന് ദേവസ്വം ബോർഡ്. പരിഹാരക്രിയക്കുള്ള പൂജയ്ക്കായി ചീട്ടാക്കുകയോ ദേവസ്വം ബോർഡിൽ പണമടയ്ക്കുകയോ വത്സൻ തില്ലങ്കേരി ഇതു വരെ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ ചിത്തിരആട്ട ഉത്സവത്തിന് നട തുറന്നപ്പോളായിരുന്നു വത്സൻ തില്ലങ്കേരി ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടുകയും പടിയിൽ പുറം തിരിഞ്ഞ് നിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്. തുടർന്ന് നടന്ന ചാനൽ ചർച്ചയിൽ ആചാര ലംഘനം നടത്തിയതായി വത്സൻ തില്ലങ്കേരി തന്നെ സമ്മതിച്ചിരുന്നു. ആവശ്യമായ പരിഹാരക്രിയകൾ ചെയ്യുമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞിരുന്നു. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും ഇതുവരെ പരിഹാരക്രിയകൾ ഒന്നും ചെയ്തിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.