video
play-sharp-fill

ശബരിമലയെ ചോദ്യം ചെയ്തു: സുരേന്ദ്രനും രാഹുൽ ഈശ്വറിനും പിന്നാലെ ശോഭാ സുരേന്ദ്രനും കിട്ടി അയ്യപ്പശാപം; ശബരിമലയ്ക്കു വേണ്ടി ഹൈക്കോടതിയിലെത്തിയ ശോഭയ്ക്കു പിഴ 25000..!

ശബരിമലയെ ചോദ്യം ചെയ്തു: സുരേന്ദ്രനും രാഹുൽ ഈശ്വറിനും പിന്നാലെ ശോഭാ സുരേന്ദ്രനും കിട്ടി അയ്യപ്പശാപം; ശബരിമലയ്ക്കു വേണ്ടി ഹൈക്കോടതിയിലെത്തിയ ശോഭയ്ക്കു പിഴ 25000..!

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയെ സമരവേദിയാക്കിമാറ്റിയ സുരേന്ദ്രനും, രാഹുൽ ഈശ്വറിനും പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും അയ്യപ്പശാപം. ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ശോഭാ സുരേന്ദ്രന് വൻ പിഴയിട്ടാണ് കോടതി സ്വീകരിച്ചത്. ചീപ്പ് പബ്ലിസിറ്റിയ്ക്കു വേണ്ടി കോടതിയെ വേദിയാക്കരുതെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് 25,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു. ഇതോടെ ശബരിമലയെ സമരവേദിയാക്കി മാറ്റിയ സംഘപരിവാറിനും ബിജെപിയ്ക്കും നിരന്തരം അയ്യപ്പശാപവും തിരിച്ചടിയും നേരിടേണ്ടി വന്നിരിക്കുകയാണ്.
ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെയാണ് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ശബരിമലയിൽ ഭക്തർക്ക് കടുത്ത നിയന്ത്രണങ്ങളും, പീഡനങ്ങളുമാണ് പൊലീസിൽ നിന്നു നേരിടേണ്ടി വരുന്നത്. തനിക്കും ഇവിടെ കൊടിയ പീഡനം നേരിടേണ്ടി വ്ന്നിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് സന്നിധാനത്തും, ശബരിമലയിലും പൊലീസ് രാജാണ് നടക്കുന്നതെന്നാണ്. ഇത് കടുത്ത അവകാശ ലംഘനമാണ് സർക്കാർ നടത്തുന്നത്. ഇത് അയ്യപ്പഭക്തർക്ക് കടുത്ത മാനസിക പീഡനമാണെന്നായിരുന്നു ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ വാദം.
എന്നാൽ, കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അടങ്ങിയ ബഞ്ച് അതിരൂക്ഷമായ വിമർശനത്തോടെ തള്ളുകയായിരുന്നു. ശോഭാ സുരേന്ദ്രൻ ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത് അനുവദിച്ച് നൽകാനാവില്ല. കോടതിയുടെ വിലപ്പെട്ട സമയം ഇതിനായി വെറുതെ കളയാനില്ലെന്നും കോടതി പറഞ്ഞു. വിമർശനം രൂക്ഷമായതോടെ ശോഭ അഭിഭാഷകനെ ഉപയോഗിച്ച് ഹർജി പിൻവലിക്കാൻ അനുവാദം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. രൂക്ഷമായ വിമർശനം നടത്തിയ കോടതി ഹർജി തള്ളിക്കളഞ്ഞു. ഇതു കൂടാതെ അനാവശ്യമായി കോടതിയെ ദുരുപയോഗം ചെയ്തതിന് 25,000 രൂപ പിഴയും വിധിച്ചു. സർക്കാരിനു വേണ്ടി സീനിയർ ഗവ.പ്ലീഡർ പി.നാരായണനാണ് കോടതിയിൽ ഹാജരായത്.
ശബരിമലയിൽ അയ്യപ്പന്റെ ആചാര സംരക്ഷണത്തിനായി സമര രംഗത്തിറങ്ങിയിരിക്കുന്ന ബിജെപി സംഘപരിവാർ നേതാക്കൾക്ക് തുടർച്ചയായി തിരിച്ചടി നേരിടുകയാണ് ഇപ്പോൾ. ഇവർ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും കനത്ത തിരിച്ചടിയായി മാറുന്നു. കെ.സുരേന്ദ്രന്റെ ഒരു മാസത്തിലേയ്ക്കു കടക്കുന്ന ജയിൽ വാസവും, രാഹുൽ ഈശ്വറിന്റെ രാഷ്ട്രീയ തിരിച്ചടിയും എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.