video
play-sharp-fill

ശബരിമല സ്ത്രീ പ്രവേശനം : വിശാല ബെഞ്ചിന്‌ പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ച സമയം

ശബരിമല സ്ത്രീ പ്രവേശനം : വിശാല ബെഞ്ചിന്‌ പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ച സമയം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒൻപതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ മൂന്നാഴ്ച അനുവദിച്ചു. ജനുവരി 17ന് സുപ്രീംകോടതി സെക്രട്ടറി ജനറൽ യോഗം വിളിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. അതിന് ശേഷം വിഷയം പരിഗണിക്കുമ്പോൾ ശബരിമലയാകും ആദ്യം പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം ഏതെങ്കിലും പ്രത്യേക വിഷയത്തിന്മേലുള്ള വാദം ഉണ്ടാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിശാല ബെഞ്ചിന്റെ പരിണനയ്ക്ക് വിട്ട ചോദ്യങ്ങളെക്കുറിച്ചുള്ള വാദങ്ങളാകും കോടതിയിൽ നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ചോദ്യങ്ങൾ എന്താണെന്ന് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകർക്കിടയിൽ യോഗം വിളിച്ചുചേർക്കാനാണ് കോടതി തീരുമാനിച്ചത്. ഈ യോഗമാണ് 17ന് സുപ്രീം കോടതി സെക്രട്ടറി ജനറൽ വിളിച്ചുചേർക്കുക. യോഗത്തിൽ പങ്കെടുക്കേണ്ട അഭിഭാഷകർ ആരൊക്കെ വേണമെന്ന കാര്യത്തിൽ നാല് സീനീയർ അഭിഭാഷകർക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

അഭിഷേക് മനു സിങ്‌വി, സി.എസ്. വൈദ്യനാഥൻ, രാജീവ് ധവാൻ, ഇന്ദിരാ ജെയ്‌സിങ് എന്നീ അഭിഭാഷകരായിരിക്കും ഈ യോഗത്തിൽ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം ചർച്ച ചെയ്യുക.അഞ്ചംഗം ബെഞ്ച് വിശാല ബെഞ്ചിന് വിട്ട ചോദ്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുന്നതിന് പുറമെ മറ്റേതെങ്കിലും വിഷയങ്ങൾ കൂടി ഈ ബെഞ്ച് പരിഗണിക്കണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ ഊന്നിയാകില്ല ബെഞ്ച് വാദം കേൾക്കുകയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ ചേലാകർമം, പാർസി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവെല്ലാം വിശാലബെഞ്ച് പരിഗണിക്കും. എന്നാൽ അതെല്ലാം ഓരോ വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒൻപതംഗ ബെഞ്ചിന്റെ തീർപ്പിന് ശേഷം മാത്രമെ ശബരിമല യുവതി പ്രവേശന വിഷയത്തിലെ പുനഃപരിശോധാ ഹർജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കുകയുള്ളു.