ശബരിമല സന്നിധാനത്തേക്ക് സുരക്ഷയ്ക്കായി 3.5 കോടിയുടെ അമേരിക്കൻ ഉപകരണങ്ങൾ
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമല സന്നിധാനത്തിൻറെ സുരക്ഷയ്ക്ക് ഇനി അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങൾ എത്തുന്നു.
സന്നിധാനത്തെ ബോംബ് സ്‌ക്വാഡിനായി 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും, സുരക്ഷാ ഉപകരണങ്ങളുമാണ് എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, മൈൻ സ്വീപ്പർ, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ, പോർട്ടബിൾ എക്‌സ്‌റേ മെഷീൻ, തെർമൽ ഇമേജിംഗ് ക്യാമറ, എക്‌സ്‌റേ ബാഗേജ് സ്‌കാനർ, നോൺ ലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ, ബോംബ് സ്യൂട്ട്, എക്സ്റ്റൻഷൻ മിറർ, റിയൽ ടൈം വ്യൂയിംഗ് സിസ്റ്റം (Real Time Viewing System) കൂടാതെ ഒരു കിലോമീറ്ററോളം വെളിച്ചമെത്തിക്കുന്ന കമാൻഡോ ടോർച്ചുകൾ എന്നിങ്ങനെയുള്ള അത്യാധുനിക ഉപകരണങ്ങളാണ് ശബരിമലയിലേയ്ക്ക് അമേരിക്കയിൽ നിന്നും എത്തുന്നത്.
എട്ടു ലക്ഷം മുതൽ പത്തു ലക്ഷം വരെ വിലയുള്ളതാണ് മൈൻ സ്വീപ്പർ. അതുപോലെ എവിടെ സ്‌ഫോടനം നടന്നാലും സ്‌ഫോടക വസ്തുക്കൾ ഏതെന്ന് തിരിച്ചറിയാൻ കഴിയുന്നതാണ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ.
വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ആസൂത്രണം ചെയ്യാവുന്ന സ്ഫോടനങ്ങൾ മുൻകൂട്ടി കണ്ടു പിടിക്കുന്നതിനാണ് നോൺ ലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ ഉപയോഗിക്കുന്നത്.
രാത്രിയിലും പകലും മറഞ്ഞു നിൽക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് ചിത്രങ്ങളെടുക്കുന്നതാണ് തെർമൽ ഇമേജിംഗ് ക്യാമറ. സ്‌ഫോടക വസ്തുവിൻറെ സാന്നിധ്യം കണ്ടെത്തിയാൽ അതിനെ സ്‌കാൻ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിർവീര്യമാക്കുന്ന ഉപകരണമാണ് പോർട്ടബൾ എക്സ്‌റേ മെഷീൻ.
110 കിലോ ഭാരം വരുന്ന ബോംബ് സ്യൂട്ടിനു ഒപ്പം ഹെൽമറ്റ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയുണ്ടാകും. ബോംബ് നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആ വ്യക്തിയ്ക്ക് ധരിക്കാനുള്ളതാണിത്.
പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ട്രോളി മിറർ ഉപയോഗിച്ചാണ് പരിശോധന. പമ്പാ ഗണപതി ക്ഷേത്രത്തിൻറെ പടി കയറാൻ തുടങ്ങുന്ന ഇടത്തുനിന്നും സുരക്ഷാ പരിശോധന ആരംഭിക്കും.
ബോഡി ചെക്കിംഗ് ഗാർഡ് റൂം, ബാഗേജ് സ്‌കാനർ എന്നീ പരിശോധനകൾക്ക് ശേഷമേ ഭക്തർക്ക് കടന്നു പോകാനാവു ശേഷം നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിലും പരിശോധനയുണ്ട്. കൂടാതെ വലിയ നടപ്പന്തലിൽ ബാഗേജ്, ബോഡി ചെക്കിംഗ് എന്നിവയുമുണ്ട്.