
പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിനാൽ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു. തിരക്കുനിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത മൂലം മണിക്കൂറുകൾ കാത്തുനിന്നിട്ടും ഭക്തർക്ക് സന്നിധാനത്തെത്താൻ കഴിയുന്നില്ലായെന്ന് പരാതി .
ശനിയാഴ്ച ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരെത്തിയ നടപ്പന്തലിൽ വലിയ തിക്കും തിരക്കുമായിരുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ കാര്യമായി നീങ്ങാനായില്ല. തുടർന്ന് ഭക്തരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇടക്ക് ബാരിക്കേട് മറികടക്കാൻ ഭക്തർ ശ്രമം നടത്തി. കഴിഞ്ഞ ദിവസം സമാനരീതിയിൽ മരക്കൂട്ടത്തും വാക്കേറ്റമുണ്ടായിരുന്നു. ഒടുവിൽ കേന്ദ്രസേന ഇടപെട്ടാണ് നിയന്ത്രിച്ചത്. മരക്കൂട്ടം ശരംകുത്തി വഴിയിൽ ക്യൂ നിൽക്കുന്നവർക്ക് വെള്ളം പോലും കിട്ടുന്നില്ല എന്ന പരാതിയും ഉണ്ട്.
സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങിലും ഈ ആശയക്കുഴപ്പം വ്യക്തം. പുല്ലുമേട് വഴി എത്തിയ തീർത്ഥാടകരും കുരുക്കിൽപ്പെട്ടു. പതിനെട്ടാം പടിക്ക് താഴെ വൻ തിരക്കുണ്ട്. എന്നാൽ ഫ്ലൈ ഓവറിൽ ആളില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരിവരാസന സമയത്ത് സിവിൽ ദർശനം അനുവദിക്കുന്നുണ്ട്. ഇതോടെ, പതിനെട്ടാംപടി കയറിവരുന്നവർക്ക് ദർശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേരുന്ന ഉന്നതതലയോഗത്തിൽ, തിരക്കു നിയന്ത്രണത്തിലുൾപ്പെടെ പുതിയ നിർദ്ദേശങ്ങളുണ്ടാകുമെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം.