പ്രതീക്ഷകൾ തകർത്ത് ക്രിസ്റ്റ്യാനോയും നെയ്മറും പുറത്ത്; പുള്ളാവൂര്‍ പുഴയില്‍ ഇനി ‘ഏകനായി’ മെസി; നിർണ്ണായക നിമിഷങ്ങളിലേക്ക് അര്‍ജന്റീന
സ്വന്തം ലേഖിക
കോഴിക്കോട്: ലോകകപ്പ് തുടങ്ങും മുൻപേ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ വിഷയമായിരുന്നു കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍.
പുഴയുടെ നടുവില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലിയോണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു. അര്‍ജന്റീനയുടെ ആരാധകരാണ് കട്ടൗട്ട് സ്ഥാപിച്ചത്. പിറ്റേ ദിവസം തന്നെ മാധ്യമങ്ങളില്‍ മെസ്സിയുടെ കട്ടൗട്ടിനെക്കുറിച്ച് വാര്‍ത്ത വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊട്ടുപിന്നാലെ മെസ്സിയുടെ കട്ടൗട്ടിനേക്കാള്‍ ഉയരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കട്ടൗട്ടും ഉയര്‍ന്നു. രാത്രിയും കാണാന്‍ ലൈറ്റ് സംവിധാനങ്ങള്‍ അടക്കം സജ്ജീകരിച്ചാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെയായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ടും ആരാധകര്‍ സ്ഥാപിച്ചു.
പുഴയിലെ കട്ടൗട്ടുകള്‍ വാര്‍ത്തയായതോടെ പിന്നാലെ വിവാദവുമെത്തി. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് അഭിഭാഷകന്‍ ശ്രീജിത് പെരുമന പഞ്ചായത്തില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടൗട്ടുകള്‍ എടുത്തുമാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അങ്ങനെ ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി.
പിന്നീട് ഫിഫ വരെ കട്ടൗട്ടുകള്‍ ഔദ്യോഗിക സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ ഷെയര്‍ ചെയ്തു. കഴിഞ്ഞ ദിവസം ക്രൊയേഷ്യയക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ തോറ്റ് പുറത്തായിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. നെയ്മറുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയെങ്കിലും അവസാന നിമിഷം പെറ്റ്കൊവിച്ചിന്റെ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിന്നീട് ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിന് തോറ്റ് ബ്രസീല്‍ പുറത്തായി.
ഏറെ പ്രതീക്ഷയോടെ എത്തിയ പോര്‍ച്ചുഗല്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെസീരിയുടെ ഹെഡര്‍ ഗോളില്‍ പോര്‍ച്ചുഗല്‍ മുട്ടുകുത്തി. പകരക്കാരനായി എത്തിയ ക്രിസ്റ്റ്യാനോ ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ക്രിസ്റ്റ്യാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ത്തിയ കട്ടൗട്ടുകളില്‍ ഇനി അവശേഷിക്കുന്നത് മെസി മാത്രമാണ്. കൊണ്ടു കൊടുത്തും ആവേശത്തോടെ മുന്നേറിയ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസിയും സംഘവും സെമിയിലെത്തിയത്.
നിശ്ചിത സമയത്ത് ഇരു ടീമും രണ്ട് ഗോള്‍ വീതമടിച്ചു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസി തന്നെയായിരുന്നു അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട്. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് ഓറഞ്ച് പടയെ തോല്‍പ്പിച്ച് അര്‍ജന്റീന സെമി ഉറപ്പിച്ചു.