video
play-sharp-fill

ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ പുതിയ അതോറിറ്റി; മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി പുതിയ സംവിധാനം രൂപീകരിക്കുന്നത് ആലോചനയിലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍

ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ പുതിയ അതോറിറ്റി; മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി പുതിയ സംവിധാനം രൂപീകരിക്കുന്നത് ആലോചനയിലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍

Spread the love

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ശബരിമല വികസന അതോറിറ്റി തുടങ്ങാൻ ആലോചന.

മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ഉൾപ്പെടുത്തി പുതിയ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍, നടത്തിപ്പ് എന്നിവ M/s EIGHTEENTH STEP DAMODAR CABLE CARS PRIVATE LIMITED എന്ന കമ്പനിയ്‌ക്ക് റവന്യൂ ഷെയര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാര്‍ത്ഥ്യമാകുന്നതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം പൂര്‍ണമായും റോപ് വേ ഉപയോഗപ്പെടുത്തിയാകും നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോപ് വേ പദ്ധതിക്കായി പമ്പയ്‌ക്കും സന്നിധാനത്തിനും ഇടയിലുള്ള 4.5336 ഹെക്ടര്‍ വനഭൂമി ഡൈവേര്‍ട്ട് ചെയ്യേണ്ടിവരുമെന്നതിനാല്‍ പ്രസ്തുത വനഭൂമിയ്‌ക്ക് പകരമായി കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴയില്‍ റവന്യൂ, വനം വകുപ്പുകള്‍ക്ക് സ്വീകാര്യമായ ഭൂമി കണ്ടെത്തുകയും പ്രസ്തുത ഭൂമി പരിഹാര വനവത്കരണത്തിനായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

വനം, വന്യജീവി ക്ലിയറന്‍സ് എന്നിവയ്‌ക്കായി സംയുക്ത പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്. ശബരിമല സന്നിധാനത്തിന്‍റെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

മാസ്റ്റര്‍പ്ലാനില്‍ 2025-2030 കാലയളവില്‍ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികള്‍

1. പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന സുരക്ഷാപാലം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 3190 ലക്ഷം രൂപ)

2. നിലയ്‌ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. (2840 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്)

3. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍. (994 ലക്ഷം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്)

4. നിലയ്‌ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 14500 ലക്ഷം രൂപ)

5. ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മ്മാണം. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 9600 ലക്ഷം രൂപ)

6. ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവൃത്തി. (വിശദമായ പദ്ധതി രേഖ പ്രകാരം അടങ്കല്‍ തുക 372 ലക്ഷം രൂപ))