തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത്, മണ്ഡലപൂജ നാളെ; ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്

Spread the love

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും.വൈകിട്ട്‌ മൂന്നിന് പമ്പയിൽ നിന്നും പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. 6.30ന്‌ അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാർത്തി ദീപാരാധനയും നാളെ ഉച്ചയ്‌ക്ക്‌ മണ്ഡല പൂജയും നടക്കും.

video
play-sharp-fill

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് 23 ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങള്‍ സന്ദർശിച്ചാണ് ശബരിമലയിലെത്തുന്നത്. ആറന്മുളയില്‍ തങ്ക അങ്കി ദർശിക്കാനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. 400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പം പത്തനംതിട്ട എആർ ക്യാമ്പിലെ സായുധ പൊലീസ്‌ സംഘവുമുണ്ട്‌.

അതേസമയം മണ്ഡല പൂജയോടനുബന്ധിച്ച്‌ ശബരിമല ദർശനത്തിന് വെർച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ഇന്ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന നാളെ 35000 പേരെയും മാത്രമാണ് വെർച്വല്‍ ക്യൂ വഴി അനുവദിക്കുക. ഈ രണ്ട് ദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ്ങ് 2000 ആക്കി കുറച്ചിട്ടുണ്ട്. ഇന്ന് രാവലെ 9 മണിക്ക് ശേഷം നിലയ്‌ക്കല്‍ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു കടത്തി വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയ ശേഷം മാത്രമായിരിക്കും ഭക്തരെ പമ്പയിൽ നിന്നും നിലയ്‌ക്കല്‍ നിന്നും കടത്തിവിടുന്നത് പനരാരംഭിക്കുക. മണ്ഡല പൂജയോടനുബന്ധിച്ച്‌ ശബരിമലയില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group