51 ഇല്ല: എത്തിയത് 17 പേർ മാത്രം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിക സർക്കാർ തിരുത്തി; പിണറായിയെ ചതിച്ചത് പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിയ തിരുത്തി സർക്കാർ. സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച ശബരിമല കയറിയ പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 51 യുവതികൾ മല കയറിയെന്ന പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. പുതിയ പട്ടിക പ്രകാരം 17 യുവതികൾ മാത്രമാണ് മല കയറിയതെന്നാണ് കണ്ടെത്തൽ. എന്നാൽ ശബരിമല വിഷയത്തിൽ സർക്കാരിനെ പരമാവധി നാണം കെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പൊലീസ് ഉന്നത ഉദ്യോഗസ്ഥരാണ് 51 പേരുടെ പട്ടിക കൃത്യമായ പരിശോധനയില്ലാതെ തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ നൽകിയതെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പുതിയ പട്ടിക കൃത്യമായി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ സർക്കാർ നിയോഗിച്ചത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ 51 സ്ത്രീകളുടെ പട്ടിക പരിശോധിച്ച സമിതി ഇതിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. പട്ടിക പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണം 17 ആണ്. വിശദമായ പരിശോധനകളില്‍ 50 മുകളില്‍ പ്രായമുണ്ടെന്ന് കണ്ടെത്തിയ 34 പേരെയാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ സ്ത്രീകളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചത്. വെര്‍ച്വല്‍ ക്യൂ പ്രകാരം 50 വയസ്സിന് താഴെ പ്രായമുളള 51 സ്ത്രീകള്‍ മല ചവിട്ടി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ പട്ടികയില്‍ ഭൂരിപക്ഷവും 50ന് മുകളില്‍ പ്രായമുളള സ്ത്രീകളാണെന്നും പുരുഷന്മാരും പട്ടികയിലുണ്ടെന്നും കണ്ടെത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായി.
51 പേരുടെ പട്ടികയില്‍ നാല് പേര്‍ പുരുഷന്മാരായിരുന്നു. 30 സ്ത്രീകള്‍ക്ക് പ്രായം 50നും മുകളിലാണെന്നും കണ്ടെത്തി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പട്ടിക പുനപരിശോധിക്കാനുളള നിര്‍ദേശം നല്‍കിയത്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുളള സമിതിയാണ് പട്ടിക പരിശോധിച്ച് തിരുത്തല്‍ നടത്തിയത്.
ചീഫ് സെക്രട്ടറിക്ക് പുറമേ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് സമിതി. ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടിക തയ്യാറാക്കാന്‍ കാട്ടിയ തിടുക്കവും ജാഗ്രതക്കുറവുമാണ് പിഴവിന് കാരണമെന്ന് സമിതി വിലയിരുത്തുന്നു. തിരുത്തിയ പട്ടികയാവും ശബരിമല വിഷയത്തിലെ റിവ്യു ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുക. കനകദുര്‍ഗ, ബിന്ദു എന്നിവരുടെ പേരുകളും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും.