ശബരിമല ദർശനം ; തൃപ്തി ദേശായിക്ക് പൊലീസ് സുരക്ഷ നൽകില്ല ; കർമ്മസമിതി പ്രതിഷേധം അവസാനിപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിക്കും നാലംഗസംഘത്തിനും സുരക്ഷ നൽകില്ലെന്ന് പൊലീസ് അറിയിച്ചതായി കർമ്മസമിതി. പൊലീസിൽ നിന്നും ലഭിച്ച ഈ ഉറപ്പിൽ കമ്മീഷണർ ഓഫീസിലെ പ്രതിഷേധം കർമ്മസമിതി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ തൃപ്തി ദേശായിക്കും സംഘത്തിനും എയർപോർട്ടിൽ പോകാനുള്ള സുരക്ഷ പോലീസ് നൽകും. ശബരിമല ദർശനം നടത്താൻ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലർച്ചെയാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയിലെത്തിയത്. തുടർന്ന് മുൻപ് ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിയും ഇവരോടൊപ്പം ചേരുകയായിരുന്നു. എന്നാൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ്മ സമിതി പ്രവർത്തകർ പ്രതിഷേധിച്ചു.
തുടർന്ന് ഹിന്ദു ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് എന്നയാൾ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ അടിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹർജി പരിഗണിച്ച സുപ്രീംകോടതി വിധിയിൽ അവ്യക്ത ഉള്ളതിനാൽ ശബരിമല കയറാൻ സുരക്ഷ നൽകാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. യുവതീ സംഘത്തിന്റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യം പൊലീസ് തൃപ്തിയേയും സംഘത്തേയും അറിയിച്ചിട്ടുണ്ട്. ഭീഷണി ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യർത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പൊലീസ് അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group