ശബരിമല ദർശനം ; തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ ഗൂഢാലോചന ; കടകംപള്ളി സുരേന്ദ്രൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപിക്ക് മേൽക്കോയ്മയുള്ള പൂനയിൽ നിന്നാണ് തൃപ്തിയുടെ വരവ്. ഇത് ശബരിമല തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിൽ പോകുന്നു എന്നു പറഞ്ഞു മഹാരാഷ്ട്രയിൽനിന്ന് ഇവർ വരുന്ന വിവരം കേരളത്തിലെ ഒരു മാധ്യമം മാത്രമാണ് അറിഞ്ഞത്. കോട്ടയം വഴി ശബരിമലയിലേക്ക് പോകുന്നു എന്നു പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളത്തു കമ്മീഷണറുടെ ഓഫീസിലാണ് എത്തിയത്. എന്നിട്ടും ഇവിടെ പ്രതിഷേധക്കാർ സംഘടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീർഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോൾ നടക്കുന്നത്. ഇതൊരു ക്രമസമാധാന പ്രശ്‌നമാക്കി വളർത്താനാണു ശ്രമങ്ങൾ നടക്കുന്നത്. സംഘർഷമുണ്ട് എന്നു വരുത്തിത്തീർക്കാനും അസ്വസ്ഥത സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടകംപള്ളി കുറ്റപ്പെടുത്തി.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച പത്തൊമ്പതിലെ സുപ്രീംകോടതി വിധിയിൽ അവ്യക്തതയുണ്ട് എന്നു നിയമജ്ഞർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ അവ്യക്തത മാറുക എന്നതു പ്രധാനമാണ്. ഇതു സംബന്ധിച്ചു സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവ്യക്തത മാറ്റാൻ ആർക്കുവേണെങ്കിലും കോടതിയെ സമീപിക്കാം. ശബരിമലയിലേക്ക് ഇപ്പോൾ തീർഥാടക പ്രവാഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.