
കോവിഡാനന്തരമുള്ള തീര്‍ത്ഥാടനം വെല്ലുവിളിയാകുന്നുവോ…? ശബരിമലയില്‍ ഹൃദയാഘാതം മൂലം ഒന്നരയാഴ്ചക്കിടെ മരിച്ചത് ഏഴ് പേര്‍: വേണ്ടത്ര സൗകര്യങ്ങളില്ലാതെ പത്തനംതിട്ട ജനറല്‍ ആശുപത്രി; അടിമുടി താളം തെറ്റി ആരോഗ്യവകുപ്പ്….
സ്വന്തം ലേഖിക
ശബരിമല: ഇത്തവണ നാട്ടില്‍ നിന്നും മറുനാടുകളില്‍ നിന്നുമായി ലക്ഷങ്ങളാണ് പ്രതിദിനം ശബരിമലയിൽ എത്തുന്നത്.
പക്ഷേ തീര്‍ത്ഥാടകര്‍ക്കു വേണ്ടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരിമിതമാണ്. പ്രത്യേകിച്ച് ആരോഗ്യ വകുപ്പ് അടിമുടി താളം തെറ്റിയ അവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലകാലം തുടങ്ങി ഒന്നരയാഴ്ച കഴിയുമ്പോള്‍ ഏഴ് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. തീര്‍ത്ഥാടനത്തിന്റെ ബേസ് ആശുപത്രിയായ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും വേണ്ടത്ര സൗകര്യങ്ങളൊന്നും ഇല്ല.
കൊവിഡാനന്തരമുള്ള തീര്‍ത്ഥാടനം ഏറ്റവും വെല്ലുവിളി നിറഞ്ഞതാവും എന്നായിരുന്നു ആരോഗ്യ വിദഗ്ധരെല്ലാം നല്‍കിയ മുന്നറിയിപ്പ്. ഒരു തവണയെങ്കിലും കൊവിഡ് ബാധിച്ചിട്ടുള്ളവരാണ് ശബരിമലയിലേക്ക് എത്തുന്നവരില്‍ അന്‍പത് ശതമാനം പേരും. ഈ സാഹചര്യത്തിലാണ് നീലിമലയിലും സ്വാമി അയ്യപ്പന്‍ റോഡിലും മറ്റും കൂടുതല്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങിയത്.
എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇക്കൊല്ലം ഇതുവരെയുള്ള മരണ നിരക്ക് സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നാല് കാര്‍ഡിയാക്ക് സെന്ററുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തവണയുള്ളത് രണ്ടെണ്ണം മാത്രം.
എല്ലാ വിധ സൗകര്യങ്ങളുമുണ്ടെന്ന പറഞ്ഞ പമ്പ, സന്നിധാനം ആശുപത്രികളിലും പരിമിതികളേറെയാണ്. വീണ് പരിക്കേല്‍ക്കുന്നവരെയും മറ്റ് അസുഖങ്ങള്‍ ബാധിക്കുന്നവരെയും എത്തിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സി.ടി സ്കാന്‍ സൗകര്യമോ ഐ.സി.യു ആംബുലന്‍സോ ഇല്ല.
കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു ആംബുലന്‍സിലാണ്.
തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുൻപ് ചേര്‍ന്ന സെക്രട്ടറിതല യോഗത്തില്‍ രോഗികളാകുന്നവരെ എവിടേക്ക് മാറ്റണമെന്ന് പമ്പയില്‍ വച്ച് തീരുമാനമെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ എല്ലാവരേയും പത്തനംതിട്ടയില്‍ എത്തിച്ച ശേഷമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നത്.
പെരുനാട് ആശുപത്രിയില്‍ അത്യാഹിത വാര്‍ഡ് തുറക്കണമെന്ന തീരുമാനവും നടപ്പിലായില്ല. അടൂര്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡ് തുറന്നെങ്കിലും അധിക ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ല.