video
play-sharp-fill
ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹർത്താലിനെച്ചൊല്ലി അനിശ്ചിതത്വം; ഹർത്താൽ ഉണ്ടോ ഇല്ലയോ എന്നറിയാതെ ജനം

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹർത്താലിനെച്ചൊല്ലി അനിശ്ചിതത്വം; ഹർത്താൽ ഉണ്ടോ ഇല്ലയോ എന്നറിയാതെ ജനം

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി സുപ്രീം കോടതിയിൽ വാദവും സോഷ്യൽ മീഡിയയിൽ എതിർവാദവും കൊടുമ്പിരിക്കൊണ്ടിരിക്കെ എത്തിയ ഹർത്താൽ പ്രഖ്യാപനത്തിൽ അനിശ്ചിതത്വം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ഹർത്താലിനില്ലെന്ന് ഹിന്ദു ഐക്യവേദിയും ആർ എസ് എസും വിശ്വഹിന്ദു പരിഷത്തും പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിന് പിൻതുണയില്ലെന്ന നിലപാടിലാണ് ബിജെപിയും. പ്രമുഖ ഹൈന്ദവ സംഘടനകളെല്ലാം ഹർത്താലിൽ നിന്ന് പിന്നോട്ട് പോന്നിട്ടും ഹർത്താൽ പ്രഖ്യാപിച്ച ഹിന്ദു സംഘടനകളുടെ കൂട്ടായ്മ ഇതുവരെയും ഹർത്താൽ പിൻവലിച്ചിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം.
തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള അയ്യപ്പസേവാ സംഘവും , അയ്യപ്പധർമ്മ പരിഷത്തും , ഹനുമാൻ സേന അടക്കമുള്ള വിവിധ ഹൈന്ദവ സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച തന്നെ ജൂലായ് 30 തിങ്കളാഴ്ച ഹർത്താൽ നടത്തുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതി ബാധിച്ച കുട്ടനാട് താലൂക്കിനെ മാത്രമാണ് ഇവർ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നത്. വെള്ളിയാഴ്ച തന്നെ ഹിന്ദു ഐക്യവേദി ഹർത്താലിനെ പിൻതുണക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തി. ആദ്യം പിൻതുണ പ്രഖ്യാപിച്ച വിശ്വകർമ്മ സർവീസ് സൊസൈറ്റിയും ഹർത്താലിൽ നിന്ന് പിന്നോട്ട് പോയി.
തൊട്ടുപിന്നാലെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിൻതുണച്ച് ആർ എസ് എസ് മുഖപത്രമായ കേസരിയിൽ മുഖപ്രസംഗവും വന്നു. സ്ത്രീകൾക്ക് വേണ്ടി വ്രത കാലം പതിനാല് ദിവസമാക്കണമെന്ന് ഒരു പടി കൂടി കടന്ന് ആർ എസ് എസ് പ്രഖ്യാപിച്ചു. എന്നിട്ട് പോലും ഹൈന്ദവ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവല്‍സലന്‍ തുടങ്ങിയവര്‍  കോഴിക്കോട്ടാണ് പ്രഖ്യാപിച്ചത്. സമരം ഏത് വിധേനയും വിജയിപ്പിക്കാൻ സംഘടനകൾ അക്രമം അഴിച്ചു വിടാൻ സാധ്യതയുള്ളതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്.